murder-

കോട്ടയം: മുൻ എസ്.ഐ അടിച്ചിറ പറയക്കാവിൽ സി.ആർ ശശിധരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണാമ്പടം വീട്ടിൽ ജോർജ് കുര്യന്(സിജു) പലതരത്തിലുള്ള വിചിത്ര സ്വഭാവങ്ങളാണുള്ളതെന്ന് നാട്ടുകാർ. പാന്റും ഷർട്ടും തൊപ്പിയും ധരിച്ച് രാത്രി സമയത്ത് കാറിന്റെ ഹെഡ്‌ലൈറ്റും ഓൺ ചെയ്ത് പറമ്പിൽ കൃഷിപ്പണികൾ ചെയ്യുന്ന ജോർജ് എല്ലാവരും ഉറങ്ങി കഴിയുമ്പോഴാണ് ഈ പണി ചെയ്യാനായി ഇറങ്ങുക. ജോർജിന്റെ ഇത്തരത്തിലുള്ള ഈ സ്വഭാവം കാരണം നാട്ടുകാർ മിക്കവരും ഇയാളിൽ നിന്നും അകലം സൂക്ഷിച്ച് പോന്നു. ഈ സ്വഭാവങ്ങൾ കൊണ്ടുതന്നെ പലരോടും സൗമ്യമായും സ്‌നേഹത്തോടെയും പെരുമാറിയിരുന്ന ജോർജിന്റെയുള്ളിൽ ക്രൂരത ഒളിഞ്ഞുകിടക്കുന്നതായി നാട്ടുകാർ സംശയിച്ചിരുന്നു.

ക്ളീൻ ഷേവ് ചെയ്ത മുഖവുമായി നടക്കുന്ന ജോർജ് തനിക്ക് വിരോധമുള്ള പലരോടും പക കാത്തുസൂക്ഷിച്ചവനാണ്. ഇഷ്ടമുള്ളവരെ ചേട്ടായി എന്ന് സംബോധന ചെയ്തിരുന്ന ജോർജാണ് നാട്ടിൽ നടക്കുന്ന പല അക്രമസംഭവങ്ങളുടെയും പിന്നിലെന്ന് ഏറെ കഴിഞ്ഞാണ് നാട്ടുകാർ മനസിലാക്കുന്നത്. വീടുകളിൽ മനുഷ്യ വിസർജ്യം എറിയുക, ആളുകൾക്ക് നേരെയുള്ള ആക്രമണം, കാർ കത്തിക്കുക, വിരോധമുള്ളവരെ കേസിൽ കുടുക്കുക എന്നിവയായിരുന്നു ജോർജിന്റെ ചെയ്തികൾ.

അയൽവാസിയെ ജോർജ് ആക്രമിക്കാൻ പദ്ധതി ഇടുന്നുണ്ടെന്ന് സിജുവിന്റെ 'അമ്മ തന്നെ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ഞായാറാഴ്‌ചയാണ്‌ പ്രഭാതസവാരിക്ക് പോകുകയയായിരുന്ന ശശിധരനെ ഇരുമ്പ് പൈപ്പുകൾ കൊണ്ട് തലയ്ക്കടിച്ചാണ് ജോർജ് കൊലപ്പെടുത്തിയത്. ഈ പൈപ്പുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രഭാതസവാരിക്ക് ഇറങ്ങിയ ശശിധരനെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നാണ് ജോർജ് ആക്രമിച്ചത്. കൊലപാതകം നടന്ന അന്നുതന്നെ ജോർജിനെ പൊലീസ് പിടികൂടിയിരുന്നെങ്കിലും പിന്നീടാണ് ഇയാൾ കുറ്റം സമ്മതിച്ചത്.

ഒരിക്കൽ പൊലീസ് വിട്ടച്ചപ്പോൾ ഒളിവിൽ പോയ ഇയാളെ വീണ്ടും പിടികൂടിയിരുന്നു.ശശിധരനുമായി നിലനിന്നിരുന്ന വഴിതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മുൻപ് മൂന്ന് തവണ ജോർജ് ശശിധരനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. മൂന്ന് തവണയും പ്രഭാതസവാരിക്ക് ശശിധരൻ പോകുന്ന സമയത്ത് തന്നെയാണ് ജോർജ് കൊലപാതകത്തിനു മുതിർന്നത്. ശശിധരനെ ഒറ്റയ്ക്ക് കിട്ടും എന്നതിനാലാണ് ജോർജ് കൊല നടത്താൻ ഈ സമയം തന്നെ തിരഞ്ഞെടുത്തത്. എന്നാൽ ചുറ്റുവട്ടത്ത് ആളുകൾ ഉണ്ടായിരുന്നതിനാൽ മൂന്ന് തവണയും ശ്രമം ഉപേക്ഷിക്കുകയായിരുന്നു.