മുംബയ്: രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്നിരുന്ന മഹാരാഷ്ട്രയിൽ എം.എൽ.എമാരെ സംരക്ഷിക്കാൻ ശിവസേന ഉപയോഗപ്പെടുത്തിയത് പാർട്ടിയുടെ തൊഴിലാളി യൂണിയനായ ഭാരതീയ കാംഗർസേനയെയെന്ന് റിപ്പോർട്ട്. കോൺഗ്രസ്, എൻ.സി.പി, ശിവസേന എം.എൽ.എമാരെ താമസിപ്പിച്ച ലളിത്, ലെമൺ ട്രീ, റിനൈസൻസ്, ഗ്രാൻഡ് ഹയാത്ത്,സോഫിടെൽ എന്നീ ഹോട്ടലുകളിലെല്ലാം കനത്ത സുരക്ഷയൊരുക്കിയത് യൂണിയന്റെ സാധാരാണക്കാരായ പ്രവർത്തകരായിരുന്നു. ബി.ജെ.പി എം.എൽ.എമാരെ റാഞ്ചിയെടുക്കുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു ശിവസേന തങ്ങളുടെ തൊഴിലാളി സംഘടനയെ ഉപയോഗപ്പെടുത്തിയത്. സംസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ജീവനക്കാരിൽ 95 ശതമാനവും ശിവസേന യൂണിയനിലാണ്.
ഹോട്ടലുകളിൽ ഉണ്ടായിരുന്ന ശിവസേന പ്രവർത്തകർ രണ്ട് മണിക്കൂർ കൂടുമ്പോൾ എം.എൽ.എമാരുടെ ഹാജരെടുക്കുമായിരുന്നു. ഹോട്ടലുകളിൽ അസാധാരണമായ സംഭവങ്ങൾ എന്തെങ്കിലും നടന്നാൽ എത്രയും പെട്ടെന്ന് നേതൃത്വത്തെ അറിയിക്കാനും സംവിധാനുമുണ്ടായിരുന്നു. ബി.ജെ.പിയുടെ കൂടാരത്തിലേക്ക് കടക്കാൻ ശ്രമിച്ച എൻ.സി.പി എം.എൽ.എ സഞ്ജയ് ബൻസോഡയെ തിരികെയത്തിക്കാൻ ശിവസേന നേതാക്കളായ ഏക്നാഥ് ഷിൻഡെയെയും മിലിന്ദ് നർവേക്കറെയും സഹായിച്ചതും യൂണിയൻ പ്രവർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇവരെ പിന്നീട് ശരദ് പവാറിന്റെ മുന്നിൽ ഹാജരാക്കുകയായിരുന്നു.