മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് വൻ രാഷ്ട്രീയ നീക്കങ്ങളാണ് നടന്നത്. ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് മഹാരാഷ്ട്രയില്‍ ഇന്ന് ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം അധികാരത്തിലേറുന്നത്. ശിവസനേ അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഇതുസംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ.
"അമിത് ഷായുടെ അതിമോഹം അജിത് പവാർ രക്ഷപെടൽ മാമാങ്കമാക്കിയത് ഒരുവശത്തും, അർധരാത്രി ഭരണത്തിലേറിയ അമിത് ഷായും സംഘവും അപമാന കൊടുമുടിയിൽ പടിയിറങ്ങിയത് ജനാധിപത്യ വിജയമാക്കി മതേതരമനസ്സുകൾ ആഘോഷിക്കുന്നത് മറുവശത്തും നടക്കുമ്പോൾ അധികാരത്തിലേറുന്ന മഹാരാഷ്ട്ര മഹാസഖ്യത്തിന് ആശംസകൾ."-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അക്കിടിപറ്റി അമിത് ഷാ നിൽക്കുമ്പോൾ അജിത് പവാറാണ് താരം..... മാറുന്ന ഇന്ത്യയുടെ ചിത്രമായി മഹാരാഷ്ട്രയിൽ മതേതര ജനാധിപത്യകക്ഷികൾ വിജയം കണ്ടപ്പോൾ താരമായത് അജിത് പവാറാണ്.!
അധികാരത്തിന് വേണ്ടി അന്തംവിട്ടു നിൽക്കുന്ന അമിത് ഷായെകൊണ്ട് വെറും രണ്ടുദിവസത്തിനുള്ളിൽ 7000 കോടി രൂപയുടെ അഴിമതി കേസ് എഴുതിതള്ളിച്ച അജിത് പവാറിന്റെ ബുദ്ധി സമ്മതിക്കണം, അതിലുപരി രാഷ്ട്രീയ ചാണക്യനെന്ന് വിശേഷിപ്പിക്കുന്ന അമിത് ഷായെ ഒറ്റനാൾകൊണ്ട് പൊതുസമൂഹത്തിന് മുന്നിൽ വെറും ചരടുപൊട്ടിയ പട്ടമാക്കാനും അജിത് പവാറിനായി.!
അഴിമതി ആരോപിക്കാനും, അവ നിയമത്തിന്റെ നാലയലത്ത് എത്തിക്കാതെ എഴുതിത്തള്ളാനുമുള്ള റൈറ്റ് ഓഫ് പുസ്‌തകം ചുമക്കുന്ന അമിത് ഷാക്ക് ഇതുക്കുമേലെ അക്കിടി വേറെന്ത് പറ്റാൻ? ഇനി അഴിമതി കേസുകൾ എഴുതിത്തള്ളൽ കലോത്സവം നടത്തുംമുൻപ് അമിത് ഷാ അൻപതുവട്ടം ആലോചിക്കും, കൂടാതെ എഴുതി തള്ളൽ മാമാങ്കം കാത്തുനിൽക്കുന്നവർക്കും ഇനി സംഗതി അത്ര എളുപ്പമാകില്ല.!
മഹാരാഷ്ട്രിയൻ അധികാര കസേര കറങ്ങിത്തിരിഞ്ഞ് ജനാധിപത്യചേരിക്ക് മുന്നിൽ അടിയുറച്ചു നിൽകുമ്പോൾ അമിത് ഷായുടെ അധികാരക്കൊതിയിൽ കൃത്യമായ ചൂണ്ടയിടൽ നടത്തിയ അജിത് പവാർ ഉള്ളുകൊണ്ട് ചിരിക്കുന്നുണ്ടാകും.!
അമിത് ഷായുടെ അതിമോഹം അജിത് പവാർ രക്ഷപെടൽ മാമാങ്കമാക്കിയത് ഒരുവശത്തും, അർധരാത്രി ഭരണത്തിലേറിയ അമിത് ഷായും സംഘവും അപമാന കൊടുമുടിയിൽ പടിയിറങ്ങിയത് ജനാധിപത്യ വിജയമാക്കി മതേതരമനസ്സുകൾ ആഘോഷിക്കുന്നത് മറുവശത്തും നടക്കുമ്പോൾ അധികാരത്തിലേറുന്ന മഹാരാഷ്ട്ര മഹാസഖ്യത്തിന് ആശംസകൾ.!