ന്യൂഡൽഹി: ഗാന്ധിജിയുടെ ഘാതകൻ ഗോഡ്‌സെയെ വാഴ്ത്തി രാജ്യസ്നേഹി എന്ന് സംബോധന ചെയ്ത ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പരാമർശത്തെ അപലപിച്ച് ബി.ജെ.പി. ഇത്തരം തത്വശാസ്ത്രങ്ങളെ ബി.ജെ.പി ഒരു കാരണവശാലും പിന്താങ്ങില്ലെന്നാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞത്. ഇത്തരം പരാമർശങ്ങളെ ഒരു കാരണവശാലും ബി.ജെ.പി പിന്താങ്ങില്ലെന്നും പ്രഗ്യയെ പാർലമെന്ററി പ്രതിരോധ സമിതിയിൽ നിന്നും നീക്കം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. പ്രഗ്യയെ പാർലമെന്ററി പ്രതിരോധകാര്യ സമിതിയിൽ പങ്കെടുക്കാനോ പാർട്ടി യോഗത്തിൽ പങ്കെടുക്കാനോ അനുവദിക്കില്ലെന്നും നദ്ദ പറഞ്ഞു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പ്രഗ്യയുടെ പരാമർശനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഗോഡ്‌സെ രാജ്യസ്നേഹി ആണെന്ന പ്രഗ്യയുടെ പരാമർശത്തെ താൻ അപലപിക്കുന്നതായും ആരെങ്കിലും അങ്ങനെ കരുതുന്നുണ്ടെങ്കിൽ അതിനെ എതിർക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെ പ്രഗ്യാ സിംഗ് താക്കൂർ പുകഴ്ത്തിയിരുന്നു. ലോക്സഭയിൽ എസ്.പി.ജി ഭേദഗതി ബിൽ സംബന്ധിച്ച ചർച്ചയിലാണ് പ്രഗ്യാ സിംഗ് ഗോഡ്സെയെ രാജ്യസ്നേഹി എന്ന് വിശേഷിപ്പിച്ചത്. ചർച്ചയ്ക്കിടെ മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തെക്കുറിച്ചുള്ള ഗോഡ്സെയുടെ പ്രസ്താവന ഡി.എം.കെ അംഗം എ. രാജ ഉദ്ധരിച്ചപ്പോഴാണ് തടസവാദവുമായി പ്രഗ്യാ സിംഗ് ഇടപെടുകയായിരുന്നു. ഒരു രാജ്യസ്നേഹിയെ ഉദാഹരണമായി അവതരിപ്പിക്കാൻ പാടില്ല എന്നായിരുന്നു പ്രഗ്യാസിംഗിന്റെ വാദം. മഹാത്മാഗാന്ധിയെ വധിക്കുന്നതിന് 32 വർഷം മുമ്പ് തന്നെ അദ്ദേഹത്തോട് പക ഉണ്ടായിരിുന്നുവെന്ന് നാഥുറാം ഗോഡ്‌സെ തന്നെ സമ്മതിച്ചിരുന്നതായാണ് രാജ പറഞ്ഞത്. ഒരു പ്രത്യേക തത്ത്വസംഹിതയിൽ വിശ്വസിച്ചിരുന്നതിനാലാണ് ഗോഡ്സെ മഹാത്മാ ഗാന്ധിയെ വധിച്ചതെന്നും രാജ പറഞ്ഞിരുന്നു.