തിരുവനന്തപുരം: വാഹനപിഴകൾ വർദ്ധിപ്പിച്ചതിന് പിന്നാലെ മോട്ടോർ വാഹനവകുപ്പിൽ ടാർഗറ്റ് മാമാങ്കം. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ മുതൽ തുടർന്നങ്ങോട്ടുള്ളവരോട് 500 രൂപ മുതൽ നാലു ലക്ഷം രൂപവരെ പിഴതുകയായി ഈടാക്കണമെന്നാണ് മുകളിൽ നിന്നുള്ള ഉത്തരവ്. അതുകൊണ്ടുതന്നെ ആവശ്യമായ പേപ്പറുകൾ ഇല്ലാതെ വണ്ടിയുമായി പുറത്തിറങ്ങുന്നത് ബുദ്ധിയല്ലെന്ന് അറിയുക.
ടാർഗറ്റ് അച്ചീവ് ചെയ്യുന്നതിനു വേണ്ടി ഇനിമുതൽ ചെറിയ പിഴവുകൾപോലും മോട്ടോർവാഹനവകുപ്പുകാർ ക്ഷമിക്കില്ലെന്ന് അറിയുക. ഫ്‌ളൈയിംഗ് സ്‌ക്വാഡായിരിക്കും കൂടുതൽ കണിശക്കാർ. സ്‌ക്വാഡിലെ മൂന്ന് അസിസ്റ്റന്റ്‌മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരിൽ ഓരോരുത്തരും മാസം അഞ്ഞൂറ് കേസുകൾ രജിസ്റ്റർ ചെയ്യണമെന്ന് മാത്രമല്ല, പിഴയായി നാലുലക്ഷം രൂപയും ഈടാക്കിയിരിക്കണം.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറും സമാനമായ തുക പിരിച്ചെടുക്കണം. അതായത് ഒരു സ്‌ക്വാഡ് മാസം പതിനാറ് ലക്ഷം രൂപ ഖജനാവിൽ അടച്ചിരിക്കണമെന്നാണ് ഉത്തരവ്.
പിഴത്തുക കൂട്ടിയതുകൊണ്ടാണ് ടാർഗറ്റ് കൂട്ടിയതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ മിക്കവരും കോടതിയിൽ പിഴയൊടുക്കുന്നത് കാരണം ടാർഗറ്റ് തികയ്‌ക്കാൻ ഉദ്യോഗസ്ഥർക്ക് കൈയും കാലും ഒരുമിച്ച് വീശേണ്ടി വരുമെന്ന പരിഹാസവും ഉയരുന്നുണ്ട്.