bjp

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ജയം. ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റെയും ഓരോ സിറ്റിംഗ് സീറ്റുകള്‍ തൃണമൂല്‍ പിടിച്ചെടുത്തു. സി.പി.എം പിന്തുണയോടെ കോണ്‍ഗ്രസ് മത്സരിച്ച കാളിയഗഞ്ച് നിയമസഭാ മണ്ഡലത്തിലാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥി തപന്‍ ദേബ് സിന്‍ഹ 2304 വോട്ടിന്റെ വിജയം നേടി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടം സ്വന്തമാക്കിയ ബി.ജെ.പിക്കും സഖ്യമായി മത്സരിച്ച ഇടത്-കോണ്‍ഗ്രസ് കൂട്ടുകെട്ടിന് വൻ തിരിച്ചടിയാണ് നേരിട്ടത്. മൂന്നിടങ്ങളിലും മൂന്നാം സ്ഥാനത്തായി പിന്തള്ളപ്പെട്ടു.

ബി.ജെ.പിയുടെ ധാര്‍ഷ്ട്യത്തിന് ബംഗാള്‍ നല്‍കിയ മറുപടിയാണ് തൃണമൂലിന്റെ വിജയമെന്ന് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമതാ ബാനര്‍ജി പ്രതികരിച്ചു. ബംഗാളിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലും ഉത്തരാഖണ്ഡിലെ ഒരു മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തരാഖണ്ഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ഏക സീറ്റില്‍ ബി.ജെ.പിയാണ് മുന്നില്‍.

കലിയഗഞ്ച്, ഖരഗ്പൂര്‍ സദര്‍, കരിംപുര്‍ എന്നീ മൂന്ന് നിയമസഭാ സീറ്റുകളിലേക്കാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ കരിംപുര്‍ മാത്രമായിരുന്നു തൃണമൂലിന്റെ സിറ്റിംഗ് സീറ്റ്. ഖരഗ്പുര്‍ ബി.ജെ.പിയുടേയും കലിയഗഞ്ച്, കോണ്‍ഗ്രസിന്റേയും സിറ്റിംഗ് സീറ്റാണ്. 2304 വോട്ടിനാണ് കലിയഗഞ്ചില്‍ തൃണമൂലിന്റെ തപന്‍ ദേവ് സിന്‍ഹ ജയിച്ചത്. ബി.ജെ.പിയാണ് രണ്ടാമത്‌. തൃണമൂൽ നേതാവ് മെഹുവ മൊയ്ത്രയെ ലോക്‌സഭാ അംഗമായി തിരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് കരിംപുറില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.