സിനിമാ തിരക്കുകൾക്കിടയിലും തന്റെ യാത്രകൾക്കും പ്രാധാന്യം നൽകുന്ന നടനാണ് ടൊവിനോ തോമസ്. സോഷ്യൽ മീഡിയകളിലും സജീവമാണ് താരം. തന്റെ പുതിയ സിനിമ വിശേഷങ്ങളും യാത്ര വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യും. ഇപ്പോഴിതാ ടൊവിനോയുടെ പുതിയ യാത്രാ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
ഈയടുത്തായി ടൊവിനോയുടെ യാത്രകളെല്ലാം കാടുകളിലേക്കാണ്. നെല്ലിയാമ്പതി, പോത്തുണ്ടി ഡാം, ധോണി ഹില്‍സ് തുടങ്ങി പ്രകൃതിയെ തൊട്ടറിഞ്ഞാണ് താരത്തിന്റെ യാത്രകൾ. ഇപ്പോൾ നെല്ലിയാമ്പതി ഫോറസ്റ്റ് റെഞ്ചില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ നിന്നും വെറും 65 കിലോമീറ്റര്‍ ദൂരത്തായുള്ള ഈ ഹില്‍ സ്റ്റേഷന്‍, തേയിലത്തോട്ടങ്ങള്‍ കൊണ്ട് മനോഹരമാണ്. 'പാവങ്ങളുടെ ഊട്ടി' എന്നാണ് നെല്ലിയാമ്പതി അറിയപ്പെടുന്നത്.
നീല റൗണ്ട്‌നെക്ക് ടീഷര്‍ട്ടും ജീന്‍സും കൂളിംഗ് ഗ്ലാസും അണിഞ്ഞ് കൂള്‍ ലുക്കിലാണ് താരം നില്‍ക്കുന്നത്. മലകള്‍ക്കും കോടമഞ്ഞിനും ഇടയിലായി നിൽക്കുന്ന ചിത്രമാണത്. പാലക്കാടിന്റെ ദൃശ്യഭംഗി നിറയുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ട്രെയിനിലാണ് യാത്രയെങ്കിൽ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ 58 കിലോമീറ്ററും തൃശൂർ റെയിൽവേ സ്റ്റേഷൻ 77 കിലോമീറ്ററും ദൂരത്തിലായാണ് സ്ഥിതി ചെയ്യുന്നത്. നെന്മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് റോഡ് മാര്‍ഗം പോകുമ്പോള്‍ വഴിയിലായി പോത്തുണ്ടി ഡാം കാണാം.