നാൽപ്പത്തിയൊന്ന് ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി സർക്കാർ ആവശ്യമായ ഫണ്ട് ലഭ്യമാക്കാത്തതിനാൽ നിലയ്ക്കുകയാണ്. ഡിസംബർ ഒന്നു മുതൽ 198 സ്വകാര്യ ആശുപത്രികൾ പദ്ധതിയിൽ നിന്നും പിന്മാറുകയാണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ അറിയിച്ചിരിക്കുകയാണ്. കുടിശ്ശിക നൽകാതിരിക്കുന്നതു മൂലം ചികിത്സ നിഷേധിച്ച് രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്ന സ്ഥിതിവിശേഷമാണ് ഇതു മൂലമുണ്ടാകുന്നത്.
ചികിത്സയ്ക്ക് പണമില്ലെന്ന കാരണത്താൽ കേരളത്തിലൊരാൾക്കും ചികിത്സ നിഷേധിക്കപ്പെടാതിരിക്കാനാണ് രാജ്യത്തിനാകെ മാതൃകയായ, കാരുണ്യ പദ്ധതി കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ആവിഷ്കരിച്ചത്. ധനകാര്യമന്ത്രിയായിരുന്ന യശഃശരീരനായ മാണിസാറിന്റെ ഈ പദ്ധതി, ഗുരുതരമായ അസുഖം ബാധിച്ച നിർദ്ധനരോഗികൾക്ക് വലിയ ആശ്വാസമായിരുന്നു.
കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന 'ആയുഷ്മാൻ ഭാരത് " ചികിത്സാ ഇൻഷ്വറൻസ് പദ്ധതിയുമായി സംയോജിപ്പിച്ച്, കാരുണ്യയ്ക്ക് പകരമായി 2019 ഏപ്രിൽ ഒന്നുമുതൽ 'കാരുണ്യ സുരക്ഷാ പദ്ധതി' എന്ന ഇൻഷ്വറൻസ് പദ്ധതി സംസ്ഥാന സർക്കാർ നടപ്പിലാക്കി. എന്നാൽ ഈ പദ്ധതി തകിടം മറിഞ്ഞിരിക്കുകയാണ്. സൗജന്യ ചികിത്സ സർക്കാരിന്റെ ബാദ്ധ്യതയിൽ നിന്ന് മാറ്റി ലാഭേച്ഛ മാത്രം ലക്ഷ്യമുള്ള സ്വകാര്യ കമ്പനികൾക്ക് കൈമാറുമ്പോഴുണ്ടാകുന്നതിന്റെ പരിണിത ഫലമാണ് ഇപ്പോഴുള്ള പ്രതിസന്ധി.
ആർ.എസ്.ബി.വൈ (രാഷ്ട്രീയ സ്വസ്ത്യ ബീമാ യോജന) എന്ന പദ്ധതി നടത്തിപ്പിൽ വ്യാപക പരാതികളുള്ള റിലയൻസ് ഇൻഷ്വറൻസ് കമ്പനിയ്ക്കാണ് 'കാരുണ്യ സുരക്ഷാ പദ്ധതി"യുടെയും നടത്തിപ്പ് ചുമതല. കോടിക്കണക്കിന് രൂപയാണ് ഈ കമ്പനി ആശുപത്രികൾക്ക് നല്കാനുണ്ടായിരുന്നത്.
കാസ്പ് പദ്ധതിയിൽനിന്നും സ്വകാര്യ ആശുപത്രികൾ പിന്മാറുന്നതായി പ്രഖ്യാപിച്ചതോടെ ബുദ്ധിമുട്ടിലാകാൻ പോകുന്നത് പാവപ്പെട്ട രോഗികളാണ്. കാരുണ്യ ലോട്ടറി കഴിഞ്ഞ സർക്കാർ ഏർപ്പെടുത്തിയത് അർഹരായവർക്ക് സൗജന്യ ചികിത്സ നൽകാനാണ്. കാരുണ്യ ലോട്ടറിയിൽ നിന്ന് ഈ വർഷം ഒക്ടോബർ 19 വരെയുള്ള അറ്റാദായം 250 കോടിയോളം രൂപയാണ്. ഈ തുകയെങ്കിലും അടിയന്തരമായി പാവപ്പെട്ട രോഗികളുടെ ചികിത്സയ്ക്കായി വിനിയോഗിക്കാൻ നടപടി സ്വീകരിക്കണം.
ജനോപകാരപ്രദങ്ങളായ ആരോഗ്യപദ്ധതികൾ നടപ്പിലാക്കുന്നതിൽ വലിയ വീഴ്ചയാണ് സർക്കാരിന്റേത്. ഈ പദ്ധതികൾക്കെല്ലാം കഴിഞ്ഞ വർഷങ്ങളിൽ ഫണ്ട് വെട്ടിക്കുറയ്ക്കുകയോ, യഥാസമയം ലഭ്യമാക്കാതിരിക്കുകയോ, നിറുത്തലാക്കുകയോ ചെയ്തിട്ടുണ്ട്.
പകർച്ചപ്പനി പ്രതിരോധത്തിനായി അനുവദിച്ച തുകയുടെ 23 ശതമാനം മാത്രമാണ് ചെലവഴിച്ചത്. 2011-15 കാലയളവിൽ പകർച്ചപ്പനിമൂലം മരിച്ചത് 620 പേരായിരുന്നെങ്കിൽ 2016 മുതൽ നാളിതുവരെ മരണപ്പെട്ടത് 1300 പേരാണ്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ അർഹമായ ചികിത്സ നിഷേധിക്കപ്പെടുന്ന രോഗികളും, മരുന്ന് വാങ്ങാൻ കഴിയാത്ത സർക്കാർ ആശുപത്രികളും ആരോഗ്യ കേരളത്തിന് അപമാനമാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം.
ലേഖകന്റെ ഫോൺ: 0471- 2512285