bike

കൊല്ലം: വാഹനപരിശോധനയുടെ പേരിൽ ബൈക്ക് യാത്രക്കാരനെ എറിഞ്ഞു വീഴ്‌ത്തി ഗുരുതരമായി പരിക്കേൽപ്പിച്ച പൊലീസുകാരന് സസ്‌പെൻഷൻ. കൊല്ലം കടയ്ക്കൽ സ്വദേശിയായ സിദ്ദിക്കിനെയാണ് കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ ചന്ദ്രമോഹൻ എറിഞ്ഞുവീഴ്ത്തിയത്. തുടർന്ന് സിദ്ദിക്ക് ബൈക്കിന്റെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ചെന്ന് ഇടിക്കുകയായിരുന്നു. വാഹനപരിശോധന കണ്ട് സിദ്ദിഖ് ബൈക്ക് നിർത്താതെ പോയപ്പോഴാണ് ചന്ദ്രമോഹൻ തന്റെ കൈയിൽ ഉണ്ടായിരുന്ന ലാത്തി കൊണ്ട് സിദ്ദിഖിനെ എറിഞ്ഞുവീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഹെൽമെറ്റ് പരിശോധനയ്ക്കിടെയാണ് സംഭവം ഉണ്ടായത്. പൊലീസിന്റെ ഈ അതിക്രമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്. പാരിപ്പള്ളി മടത്തറ റോഡാണ് നാട്ടുകാർ ഉപരോധിച്ചത്.

കാഞ്ഞിരംമൂട് ഭാഗവും സംഘർഷാവസ്ഥയിലാണ്. സംഭവത്തിൽ ശക്തമായ നടപടി എടുത്തിട്ടുണ്ടെന്ന് കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ അറിയിച്ചു. ഹെൽമെറ്റ് ധരിക്കാത്തവരെ ഓടിച്ചിട്ടു പിടികൂടരുതെന്ന ഹൈക്കോടതി നിർദേശം വന്നതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം ഉണ്ടാകുന്നത്. ട്രാഫിക് ലംഘനം കണ്ടെത്താൻ ആധുനികവും ശാസ്ത്രീയവുമായ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും റോഡിനു മധ്യത്തിൽ നിന്നുള്ള ഹെൽമെറ്റ് പരിശോധന പാടില്ലെന്നും ഹെൽമെറ്റ് ഉപയോഗിക്കാത്തവരെ കായികമായല്ല നേരിടേണ്ടതെന്നും ഹൈക്കോടതി നിർദ്ദേശം വന്നിരുന്നു. ഇതുസംബന്ധിച്ച് ഡി.ജി.പി പുറത്തിറക്കിയ സർക്കുലർ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.