പനാജി. രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ അമ്പതാം എഡിഷനിൽ മികച്ച ചിത്രത്തിനുളള സുവർണ മയൂരം ജല്ലിക്കട്ടിന് ലഭിച്ചക്കുമെന്ന് സൂചന.ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ഈ മലയാള ചലച്ചിത്രം ജൂറി അംഗങ്ങൾക്കിടയിൽ മികച്ച അഭിപ്രായം നേടിയെന്നാണ് ലഭ്യമാകുന്ന വിവരം.ഇന്ന് വൈകിട്ടാണ് അവാർഡ് പ്രഖ്യാപനം.ജോൺ ബെയ്ലിയാണ് ജൂറി ചെയർമാൻ.
ജല്ലിക്കട്ടിന് സുവർണമയൂരം ലഭിക്കുകയാണെങ്കിൽ മലയാള സിനിമയെ സംബന്ധിച്ചിടത്തോളം അത് അപൂർവ്വമായ നേട്ടമായി മാറും.2000 ത്തിൽ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിലൂടെയാണ് ഇതിനു മുമ്പ് ആദ്യമായി ഒരു മലയാള ചിത്രത്തിന് സുവർണമയൂരം ലഭിച്ചത്. ലിജോ ജോസ് പെല്ലിശേരിക്ക് കഴിഞ്ഞ വർഷം ഇഫിയിൽ ഈ മ യൗ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുളള രജതമയൂരം ലഭിച്ചിരുന്നു.ആ ചിത്രത്തിലെ അഭിനയത്തിന് ചെമ്പൻ വിനോദ് ജോസിന് മികച്ച നടനുളള അവാർഡും ഇഫിയിൽ ലഭിച്ചിരുന്നു.
ഒരു ഗ്രാമത്തിൽ വെട്ടാൻ കൊണ്ടുപോകുന്ന പോത്ത് കയറുപൊട്ടിച്ച് ഓടുന്നതും അക്രമാസക്തനാകുന്ന പോത്തിനെ പിടിക്കാൻ ഒരു ജനത നടത്തുന്ന പരിശ്രമവുമാണ് ജല്ലിക്കട്ടിന്റെ ഇതിവൃത്തം. മൃഗങ്ങളേക്കാൾ മൃഗമായി മനുഷ്യൻ മാറുന്ന കഥയാണ് ചിത്രത്തിലൂടെ സംവിധായകൻ അവതരിപ്പിക്കുന്നത്. ടോറന്റോ ചലച്ചിത്രമേളയിൽ ജല്ലിക്കട്ട് നിരൂപക ശ്രദ്ധ നേടിയിരുന്നു.ഇഫിയിൽ വലിയൊരു പുരസ്‌കാരം ജല്ലിക്കട്ടിന് ലഭിക്കുമെന്നാണ് ഏറവും ഒടുവിൽക്കിട്ടുന്ന വിവരം.