തിരുവനന്തപുരം: ഇന്ത്യയിലെയും ലോകത്തിലെ തന്നെയും ഏറ്റവും പേരുകേട്ട ഇ - കൊമേഴ്‌സ് ബ്രാൻഡുകളിൽ ഒന്നാണ് ആമസോൺ. എന്നാൽ ഈ കമ്പനി മലയാളികൾക്കിടയിൽ തട്ടിപ്പിന് ശ്രമിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം ആനയറ സ്വദേശിയായ മഹേഷ് കുമാർ. ആമസോൺ വഴി താൻ ഓർഡർ ചെയ്ത ഒരു ഉത്പന്നം കേടായ നിലയിലാണ് തന്റെ കൈയിൽ എത്തിയതെന്ന് മഹേഷ് കുമാർ പറയുന്നു. ഒരു വീഡിയോ ഡോർബെല്ലാണ് മഹേഷ് കുമാർ ഓർഡർ ചെയ്തിരുന്നത്. റിട്ടേൺ ബുക്ക് ചെയ്തപ്പോൾ ഈ വീഡിയോ ഡോർബെൽ തങ്ങൾ നൽകുന്ന വിലാസത്തിൽ അയക്കുവാനാണ് ആമസോൺ പ്രതിനിധികൾ മഹേഷിനോട് പറഞ്ഞത്. എന്നാൽ ഇവർ നൽകിയത് വ്യാജമായ, ചൈനയിലേത് എന്ന് തോന്നിക്കുന്ന വിലാസമാണെന്നും ഇയാൾ പറയുന്നു. ഇത് സംബന്ധിച്ച് അൻപതോളം തവണ താൻ ആമസോണിൽ വിളിച്ചെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നും മഹേഷ് പറയുന്നുണ്ട്. മാത്രമല്ല, ആമസോൺ കസ്റ്റമർ കെയർ പ്രതിനിധികൾ ഉപഭോക്താക്കളോട് സംസാരിക്കാൻ മറ്റെല്ലാ ഭാഷകളും ഉപയോഗിക്കുമ്പോഴും മലയാളം ഉപയോഗിക്കാത്തത് കേരളത്തിൽ തട്ടിപ്പ് നടത്താൻ വേണ്ടിയാണെന്നും മഹേഷ് കുമാർ ആരോപിക്കുന്നു.