udhav

മുംബയ്:മഹാരാഷ്‌ട്രയിൽ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി കോൺഗ്രസ് - ശിവസേന - എൻ. സി. പി സഖ്യത്തിന്റെ (മഹാ വികാസ് അഘാഡി ) ഏഴംഗ സർക്കാർ അധികാരമേറ്റു. ദാദറിലെ ശിവാജി പാർക്കിൽ മൂന്നു കക്ഷികളുടെ അരലക്ഷത്തോളം പ്രവർത്തകർ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ ഇന്നലെ വൈകിട്ട് 6.40നായിരുന്നു സത്യപ്രതിജ്ഞ.

ഉദ്ധവിനു പുറമേ മൂന്ന് പാർട്ടികളിലെയും രണ്ടു മന്ത്രിമാർ വീതമാണ് അധികാരമേറ്റത്. കോൺഗ്രസിന്റെ ബാലാസാഹേബ് തോറാത്ത്, നിതിൻ റാവത്ത്, എൻ. സി.പിയുടെ ജയന്ത് പാട്ടീൽ, ഛഗൻ ഭുജ്ബാൽ, ശിവസേനയുടെ ഏക്‌നാഥ് ഷിൻഡെ, സുഭാഷ് ദേശായി എന്നിവരാണ് മന്ത്രിമാർ. ഗവർണർ ഭഗത് സിംഗ് കോഷിയാരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സത്യപ്രതിജ്ഞയ്‌ക്ക് ശേഷം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അദ്ധ്യക്ഷതയിൽ ആദ്യ മന്ത്രിസഭാ യോഗം ചേർന്നു. സർക്കാർ നിയമസഭയിൽ വിശ്വാസ വോട്ട് തേടിയ ശേഷം ഡിസംബർ മൂന്നാം തീയതിയോടെ മന്ത്രിസഭ വികസിപ്പിക്കും.