happy-sardar-review

പ്രേമിച്ച പെണ്ണിനെ കെട്ടാൻ ഏതറ്റം വരെയും പോകുന്ന നായകന്മാരുടെ കഥ പറയുന്ന ഒട്ടനേകം സിനിമകൾ വെള്ളിത്തിരയിൽ വന്നു പോയതാണ്. അക്കൂട്ടത്തിൽ പെടുന്ന ചിത്രമാണ് സുദീപ്-ഗീതിക ദമ്പതികൾ സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനാകുന്ന 'ഹാപ്പി സർദാർ'. കഥാപാത്രങ്ങൾ നേരിടുന്ന പ്രശ്നങ്ങളും അമളികളും തമാശയുടെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുകയാണ്.

തന്റെ നാല് പെൺമക്കളിൽ മൂന്ന് പേരെയും അവരവരുടെ ഇഷ്ടപ്രകാരം കെട്ടിച്ച് കൊടുത്ത അല്പം പുരോഗമന ചിന്താഗതിയുള്ളയാളാണ് ജോയ്സി. പള്ളിക്കാരുടെ നീരസം സഹിക്കവയ്യാതായപ്പോൾ ഇളയമകളെയെങ്കിലും സ്വന്തം സമുദായക്കാരന് വിവാഹം ചെയ്ത് നൽകണമെന്നാണ് അയാളുടെ ആഗ്രഹം. അച്ഛന്റെ ആഗ്രഹത്തിനൊത്ത് നിൽക്കാനാണ് മകൾ മേരിക്കും താത്പര്യം. പഠിക്കാനായി പഞ്ചാബിൽ പോയ മേരിയെ ഒരാൾക്കിഷ്ടമാണ്-ഹാപ്പി സിംഗിന്. പേരിൽ സിംഗ് ഉണ്ടെങ്കിലും ഹാപ്പി പാതി മലയാളിയാണ്; അച്ഛൻ ഇന്ദ്രപാൽ സർദാറും അമ്മയായ എൽസ മലയാളിയും. എൽസയെ വിവാഹം കഴിക്കാനുണ്ടായ കോലാഹലങ്ങൾ ഇന്ദ്രപാലിനെ ഒരു മലയാളി വിരുദ്ധനാക്കിയിരുന്നു. ചിന്തിച്ചാൽ ഒരിക്കലും നടക്കാത്ത ഒരു ബന്ധമാണിത്. എന്നാൽ മേരിയോടുള്ള പ്രേമം കാരണം ഏതറ്റം വരെയും പോകാൻ ഹാപ്പി തയ്യാറായിരുന്നു. മേരിയെ ജീവിതസഖിയാക്കാൻ ഹാപ്പി പിന്നീടങ്ങോട്ട് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ തമാശയുടെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുകയാണ്.

happy-sardar-review

കാളിദാസ് ജയറാമാണ് ഹാപ്പി സർദാറായി എത്തുന്നത്. കഥാപാത്രം രസകരമാക്കാൻ കാളിദാസ് ശ്രമിച്ചിട്ടുണ്ട്. റിദ്ദി കുമാറാണ് നായികവേഷത്തിൽ. സിദ്ദിഖ്, മാല പാർവ്വതി, ശ്രീനാഥ് ഭാസി, ജാവേദ് ജാഫ്രി, ബൈജു, സിദ്ദി മഹാജൻകട്ടി, പ്രവീണ, ഷറഫുദ്ദീൻ, ബാലു വർഗീസ്, സെബാസ്റ്റ്യൻ, സിനിൽ സൈനുദീൻ, അനുപ് ചന്ദ്രൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

അഭിനന്ദൻ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഒരു എന്റർറ്റെയിനർ സിനിമക്ക് ഉതകും വിധമുള്ള കാമറ വർക്കാണ് അദ്ദേഹം നിർവ്വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റെ ഗാനങ്ങളും ഒരു ആഘോഷചിത്രത്തിന് ചേരുന്നതാണ്.

happy-sardar-review

പ്രിയദർശന്റെ കോമ‌ഡി ചിത്രങ്ങളിൽ കണ്ടു വരുന്ന കൂട്ടപൊരിച്ചിലാണ് ഈ ചിത്രത്തിലും കാണാവുന്നത്. എന്നാൽ തമാശയുടെ നിലവാരം അതിനോട് തട്ടിച്ചു നോക്കാനാവില്ല എന്നതാണ് വാസ്തവം. നായികയും നായകനും പ്രേമത്തിലാണെന്ന് പറയുമ്പോഴും അവര് തമ്മിൽ പറയത്തക്ക വിധം ഒരു കെമിസ്ട്രിയുമില്ല. ചിത്രത്തിൽ ഉണ്ടാകുന്ന പല സാഹചര്യങ്ങളും കുത്തിക്കയറ്റിയതാണെന്ന തോന്നും.

വർഗീയതയ്ക്കെതിരെ ശബ്ദമുയർത്തുന്നുണ്ട് ചിത്രം. മതം മനുഷ്യനെ അകറ്റി നിറുത്താൻ വേണ്ടിയുള്ളതാകരുത് എന്ന് ചിത്രം പറയുന്നു. ഇത് ചിത്രത്തിന്റെ പശ്ചാത്തലമാണെന്ന് തന്നെ പറയാം.

happy-sardar-review

രണ്ട് സംവിധായകർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രങ്ങൾ തന്നെ വിരളമായിരിക്കെ ദമ്പതികളായ സംവിധായകർ ചേർന്നെടുത്ത ചിത്രം എന്ന പ്രത്യേകത 'ഹാപ്പി സർദാറിനുണ്ട്'. ഒരുപാട് ചിന്തിപ്പിക്കാനില്ലെങ്കിലും ചിരിപ്പിക്കാൻ അണിയറക്കാർ ശ്രമിച്ചിട്ടുണ്ട്. യുക്തി ചിന്ത മാറ്റിവച്ചാൽ രസകരമായ അനുഭവമാകും 'ഹാപ്പി സർദാർ' നൽകുക.

വാൽക്കഷണം: ഇത് ഏക് തമാശ പടം ഹേ

റേറ്റിംഗ്: 3/5