പനാജി: രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ തുടർച്ചയായി രണ്ടാം തവണയും മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശേരി. ജല്ലിക്കെട്ട് എന്ന ചിത്രത്തിലൂടെയാണ് ലിജോ ജോസ് പെല്ലിശേരിക്ക് രജതമയൂരം ലഭിച്ചിരിക്കുന്നത്. ജോൺ ബെയ്ലി ജൂറി ചെയർമാനായ സമിതിയാണ് അവാർഡ് പ്രഖ്യാപിച്ചത്.
മികച്ച നടനുള്ള രജത മയൂരം സെയു യോർഗെ നേടി. ചിത്രം മാരി ഗല്ലയാണ്. മികച്ച നടിക്കുള്ള രജത മയൂരം ഉഷ ജാദവ് നേടി ചിത്രം: മായ് ഘട്ട്. കഴിഞ്ഞ വർഷം ഇഫിയിൽ ഈ മ യൗ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുളള രജതമയൂരം പെല്ലിശേരിക്ക് ലഭിച്ചിരുന്നു. ആ ചിത്രത്തിലെ അഭിനയത്തിന് ചെമ്പൻ വിനോദ് ജോസിന് മികച്ച നടനുളള അവാർഡും ഇഫിയിൽ ലഭിച്ചിരുന്നു.
ഒരു ഗ്രാമത്തിൽ വെട്ടാൻ കൊണ്ടുപോകുന്ന പോത്ത് കയറുപൊട്ടിച്ച് ഓടുന്നതും അക്രമാസക്തനാകുന്ന പോത്തിനെ പിടിക്കാൻ ഒരു ജനത നടത്തുന്ന പരിശ്രമവുമാണ് ജല്ലിക്കട്ടിന്റെ ഇതിവൃത്തം. മൃഗങ്ങളേക്കാൾ മൃഗമായി മനുഷ്യൻ മാറുന്ന കഥയാണ് ചിത്രത്തിലൂടെ സംവിധായകൻ അവതരിപ്പിക്കുന്നത്. ടോറന്റോ ചലച്ചിത്രമേളയിൽ ജല്ലിക്കട്ട് നിരൂപക ശ്രദ്ധ നേടിയിരുന്നു.