lijo

പ്രഭാവതി അമ്മയെ അവതരിപ്പിച്ച ഉഷാ ജാദവ് മികച്ച നടി

പനാജി: മലയാളത്തിന് അഭിമാനമേകി ജല്ലിക്കട്ടിലൂടെ ലിജോ ജോസ് പെല്ലിശേരി ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ (ഇഫി ) മികച്ച സംവിധായകനുള്ള രജതമയൂരം രണ്ടാംവട്ടവും നേടി ചരിത്രം കുറിച്ചു.15 ലക്ഷം രൂപയും സർട്ടിഫിക്കറ്റും ശിൽപ്പവും അടങ്ങുന്ന ഈ പുരസ്കാരം ഇൗ.മ.യൗ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ തവണയും ലിജോ നേടിയിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ സംവിധായകൻ തുടർച്ചയായി രണ്ടു തവണ ഈ ബഹുമതിക്ക് അർഹനാകുന്നത്.

ബ്ളെയിസ് ഹാരിസൺ സംവിധാനം ചെയ്ത ഫ്രഞ്ച് സ്വിസ് ചിത്രം പാർട്ടിക്കിൾസിനാണ് സുവർണ മയൂരം. മേളയിലെ ഈ ഏറ്റവും വലിയ പുരസ്കാരം 40 ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ്.

തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലയെ ആസ്പദമാക്കി ആനന്ദ് മഹാദേവൻ സംവിധാനം ചെയ്ത 'മായി ഘട്ടി'ൽ ഉദയകുമാറിന്റെ അമ്മ പ്രഭാവതിഅമ്മയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായ പ്രഭാ മായിയെ അവതരിപ്പിച്ച മറാത്തി നടി ഉഷാ ജാദവ് മികച്ച നടിക്കുള്ള രജതമയൂരം നേടി.10 ലക്ഷം രൂപയാണ് പുരസ്കാരത്തുക.

മാരിഗെല്ല എന്ന ബ്രസീൽ ചിത്രത്തിൽ ഗറില്ലാ രാഷ്ട്രീയ തടവുകാരനായ മാരിഗെല്ലയെ അവതരിപ്പിച്ച സ്യൂ സോർഷിയാണ് മികച്ച നടൻ. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം അബു ലെയ്ലയുടെ സംവിധായകൻ അമിൻ സിദിയും മോൺസ്റ്റേഴ്സിന്റെ സംവിധായകൻ മറിയസ് ഒലേനുവും പങ്കിട്ടു.ഗുജറാത്തി ചിത്രം ഹെല്ലാരോ ജൂറിയുടെ പ്രത്യേക പരാമർശവും ചൈനീസ് ചിത്രം ബലൂൺ പ്രത്യേക ജൂറി അവാർഡും നേടി.കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ ജൂറി അംഗം രമേഷ് സിപ്പി എന്നിവരിൽ നിന്നാണ് ലിജോ ജോസ് പെല്ലിശേരി രജതമയൂരം ഏറ്റുവാങ്ങിയത്. ചടങ്ങിൽ സംഗീത സംവിധായകൻ ഇളയരാജയെ ആദരിച്ചു.