trump

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഹൃദയാഘാതമെന്നതരത്തിലുള്ള വ്യാജവാർത്തകൾക്കെതിരെ കുറിക്കുകൊള്ളുന്ന ചിത്രവുമായി ട്രംപിന്റെ ട്വീറ്റ്.

'കാണൂ എന്റെ സിക്സ് പാക്ക് ബോക്സർ ഫിറ്റ് ശരീരം" എന്നമട്ടിൽ ബോക്സറുടെ ശരീരത്തിൽ സ്വന്തം തല ചേർത്ത ഫോട്ടോഷോപ്പ് ചിത്രമാണ് ട്രംപ് ട്വീറ്റ് ചെയ്തത്. സോഷ്യൽമീഡിയയിൽ സംഗതി വൈറലായി.

റോക്കി 3 എന്ന സിനിമയിലെ ബോക്സർ കഥാപാത്രത്തിന്റെ ശരീരത്തിലാണ് 73കാരനായ ട്രംപിന്റെ തല വെട്ടിയൊട്ടിച്ചത്. കഴിഞ്ഞ ശനിയാഴ്ച വാഷിംഗ്ടണിന് പുറത്തെ സർക്കാർ ആശുപത്രിയിൽ ട്രംപ് പോയതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. ചൊവ്വാഴ്ച ഫ്ലോറിഡയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സ്വന്തം ശരീരത്തെ പുകഴ്ത്തി ട്രംപ് പറഞ്ഞതിങ്ങനെ. ''മുന്നറിയിപ്പില്ലാത്ത ആശുപത്രി സന്ദർശനം ഹൃദയാഘാതം മൂലമാണെന്ന് വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. അത് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഏറെ ആശങ്കയിലാഴ്ത്തി. എന്നാൽ ആശുപത്രിയിലെ ഡോക്ടർമാർ എന്നോട് പറഞ്ഞത് ഷർട്ട് ഊരാനാണ്. ' നിങ്ങളുടെ ആകർഷകമായ വിരിഞ്ഞ നെഞ്ച് കാണിക്കൂ. അതിശയകരമായ ശരീരഘടന ഞങ്ങൾ കാണട്ടെ' എന്നാണ്."

എല്ലാ വർഷവും നടത്താറുള്ള ബോ‍‍ഡി ചെക്കപ്പ് ഇത്തവണ നേരത്തേയാക്കിയതാണെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.