പനാജി : ജല്ലിക്കട്ടിൽ പോത്തിനെ പിടിക്കാൻ ഒരു ജനത നടത്തിയ ഓട്ടം പോലെയായിരുന്നു ഇഫിയിൽ രാജ്യാന്തര മത്സരത്തിലെ പുരസ്കാര നിർണയത്തിന് ജോൺ ബെയ്ലിയുടെ നേതൃത്വത്തിലുളള അന്താരാഷ്ട്ര ജൂറി നടത്തിയ പരിശ്രമം.
ഏറ്റവും മികച്ച ചിത്രത്തിനുളള സുവർണമയൂരത്തിനായി അവസാനനിമിഷം വരെ പൊരുതിയത് ജല്ലിക്കട്ടും, പാർട്ടിക്കിൾസ് എന്ന ഫ്രഞ്ച് സ്വിസ് ചിത്രവും തമ്മിലായിരുന്നു.ഒടുവിൽ പ്രമേയത്തിലെ വൈവിദ്ധ്യമാണ് പാർട്ടിക്കിൾസിന് തുണയായത്. ഭൂമിയുടെ പാരിസ്ഥിതികാവസ്ഥയ്ക്ക് വരുന്ന കോട്ടങ്ങളെ യുവതലമുറയുടെ നിരീക്ഷണങ്ങളിലൂടെ ആകർഷകമായി അവതരിപ്പിക്കുകയായിരുന്നു സംവിധായകനായ ബ്ളെയിസ് ഹാരിസൺ. കൈയേറ്റങ്ങളിലൂടെ ഭൂമിക്ക് ശ്വാസം മുട്ടുന്നുവെന്ന് പറഞ്ഞുവയ്ക്കുന്നതോടൊപ്പം അത് ഉയർത്തുന്ന ആശങ്കകൾ ചിന്തോദ്ദീപകമായി ആവിഷ്കരിക്കാനും പാർട്ടിക്കിൾസിന് കഴിഞ്ഞു. അതേസമയം രസകരമായ ഒരു പ്രമേയത്തെ അത്യന്തം വ്യത്യസ്തമായി അവതരിപ്പിച്ചതിലൂടെ ലിജോ ജോസ് പെല്ലിശേരി പ്രകടമാക്കിയ ക്രാഫ്റ്റ് ജൂറിയെ വല്ലാതെ ആകർഷിച്ചു. അവതരണരീതിയിലെ ആധുനികതയായിരുന്നു ജല്ലിക്കട്ടിന്റെ മേന്മ. ഒപ്പം സാങ്കേതിക മികവും. സംവിധായകനെന്ന നിലയിൽ ലിജോയെ പരിഗണിക്കാനും മികച്ച ചിത്രത്തിനുളള സുവർണമയൂരം പാർട്ടിക്കിൾസിനു നൽകാനും ജൂറി തീരുമാനിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ ജൂറിയിലെ ചില അംഗങ്ങൾ ജല്ലിക്കട്ടിന് സുവർണമയൂരം നൽകണമെന്ന് വാദിച്ചെങ്കിലും ജൂറി ചെയർമാന്റെ അഭിപ്രായം ഏകകണ്ഠേന അംഗീകരിക്കുകയായിരുന്നു.
തലമുറ മാറ്റം
തുടർച്ചയായ രണ്ടാം വട്ടവും ഏറ്റവും മികച്ച സംവിധായകനുളള സിൽവർ പീകോക്ക് നേടി ഇന്ത്യൻ സിനിമയിൽ ചരിത്രമെഴുതുകയാണ് ലിജോ ജോസ് പെല്ലിശേരി. മികച്ച ഉളളടക്കവും മികച്ച അവതരണവുമാണ് ലിജോ ചിത്രങ്ങളുടെ പ്രത്യേകത. മലയാള സിനിമയിൽ ലിജോ ജോസിലൂടെ ഒരു തലമുറ മാറ്റമാണ് സംഭവിക്കുന്നത്. ഒരു ഗ്രാമത്തിൽ വെട്ടാൻ കൊണ്ടുപോകുന്ന പോത്ത് കയറുപൊട്ടിച്ച് ഓടുന്നതും അക്രമാസക്തനാകുന്ന പോത്തിനെ പിടിക്കാൻ ഒരു ജനത നടത്തുന്ന നെട്ടോട്ടവമാണ് ജല്ലിക്കട്ടിന്റെ ഇതിവൃത്തം. മൃഗങ്ങളേക്കാൾ വലിയ മൃഗമായി മനുഷ്യൻ മാറുന്ന കഥയാണ് ചിത്രത്തിലൂടെ സംവിധായകൻ അവതരിപ്പിക്കുന്നത്. ടോറന്റോ ചലച്ചിത്രമേളയിൽ ജല്ലിക്കട്ട് നിരൂപക ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരത്ത് അടുത്തയാഴ്ച ആരംഭിക്കുന്ന ചലച്ചിത്രോത്സവത്തിൽ മത്സര വിഭാഗത്തിൽ ജല്ലിക്കട്ട് ഇടം നേടിയിട്ടുണ്ട്.
ഉഷജാദവ് തിരുവനന്തപുരത്ത് പ്രഭാവതി അമ്മയെക്കാണും
തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ നടന്ന ഉദയകുമാർ ഉരുട്ടിക്കൊലയിൽ മകന്റെ കൊലയാളികൾക്ക് വധശിക്ഷ നേടിക്കൊടുത്ത പ്രഭാവതി അമ്മയുടെ പോരാട്ടത്തെ തന്മയത്വമായി അവതരിപ്പിച്ചതിലൂടെ മികച്ച നടിക്കുളള രജതമയൂരം ഉഷാജാദവിനെ തേടിയെത്തുകയായിരുന്നു. ഉഷയ്ക്ക് എതിരില്ലായിരുന്നു. തിരുവനന്തപുരം ചലച്ചിത്രോത്സവത്തിൽ മായിഘട്ട് പ്രദർശിപ്പിക്കുമ്പോൾ ഇവിടെയത്തി പ്രഭാവതി അമ്മയെക്കാണുമെന്ന് ഉഷാ ജാദവ് ഗോവയിൽ പറഞ്ഞു.
സത്യജിത് റേയെ അനുസ്മരിക്കും
അടുത്ത ഇഫി വിഖ്യാത സംവിധായകൻ സത്യജിത് റേയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് സംഘാടകർ അറിയിച്ചു. 2020-21 റേയുടെ ജന്മശതാബ്ദി വർഷമാണ്.