big-blow-to-mamata-banarj

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വൻ വിജയം. ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസ് വെന്നിക്കൊടി പാറിച്ചു. 22 വർഷങ്ങൾക്കുശേഷമാണ് ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ ഖരഗ്പൂരും, കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ കലിയഗഞ്ചും തൃണമൂൽ കോൺഗ്രസ് പിടിച്ചെടുത്തത്.

കലിയഗഞ്ചിൽ ബി.ജെ.പിയുടെ കമൽ ചന്ദ്ര സർക്കാരിനെ 2000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തൃണമൂൽ സ്ഥാനാർത്ഥി തപൻ ദേബ് സിൻഹ പരാജയപ്പെടുത്തി. കോൺഗ്രസ് എം.എൽ.എ ആയിരുന്ന പ്രമതനാഥ് റായ് മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

ഖരഗ്പൂർ എം.എൽ.എയായ ബി.ജെ.പി നേതാവ് ദിലീപ് കുമാർ ഘോഷും കരിംപൂർ എം.എൽ.എയായ മെഹുവ മൊയ്‌ത്രയും എം.പിയായതോടെയാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.

ഇന്നലെ രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. വോട്ടെടുപ്പ് നടന്ന തിങ്കളാഴ്ച വ്യാപക അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോൺഗ്രസും സി.പി.എമ്മും ഒരുമിച്ചാണ് ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതോടൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലെ ഏക മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി ചന്ദ്രപന്ത് വിജയിച്ചു.

ബി.ജെ.പിയുടെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടി: മമതാ ബാനർജി

ബി.ജെ.പിയുടെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് പശ്ചിമബംഗാളിലെ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് മമതാ ബാനർജി.

'വികസനമാണ് ബംഗാളിൽ ജയിച്ചിരിക്കുന്നത്, ധാർഷ്ട്യം ബംഗാളിൽ ചെലവാകില്ല. ജനങ്ങൾ ബി.ജെ.പിയെ തിരസ്‌കരിച്ചു. ജനങ്ങളോട് ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ ബി.ജെ.പി ആവശ്യപ്പെടുകയാണ്. ഇതിനെതിരായ ജനവിധി കൂടിയാണ് ബംഗാളിൽ ഉണ്ടായത്.'- പൗരത്വ രജിസ്റ്റർ സൂചിപ്പിച്ച് മമത വ്യക്തമാക്കി.