തിരുവനന്തപുരം: വൈദ്യുതി കമ്മി പരിഹരിക്കാൻ സംസ്ഥാനത്ത് ആയിരം മെഗാവാട്ട് സൗരോർജ്ജ ഉത്പാദനലക്ഷ്യം നടപ്പാക്കുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. മാസ്‌കറ്റ് ഹോട്ടലിൽ നടന്ന അനെർട്ട് ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ രണ്ടു ധാരണ പത്രങ്ങളിൽ ഒപ്പുവെച്ചു. കേരള വാട്ടർ അതോറിട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ 13.5 മെഗാവാട്ട് സൗര വൈദ്യുത നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം വാട്ടർ അതോറിട്ടി എം.ഡി. ഡോ.എ.കൗശിക് അനെർട്ട് ഡയറക്‌ടർ അമിത് മീണയ്ക്ക് കൈമാറി. കാറ്റിൽ നിന്നുള്ള ഊർജ്ജ സാധ്യത പരിശോധിക്കുന്നതിന് വിൻഡ് എനർജി മാപ് തയ്യാറാക്കുന്നതിനായുള്ള ധാരണ പത്രം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിൻഡ് എനർജി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡി.ലക്ഷ്‌മണക്ക് അനെർട്ട് ഡയറക്‌ടർ കൈമാറി. ഡോ ബി.അശോക് അധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ പി.ചന്ദ്രശേഖരൻ സ്വാഗതവും ഫിനാൻസ് മാനേജർ മുഹമ്മദ് ഹാരിസ് നന്ദിയും പറഞ്ഞു.