bal

മുംബയ്: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന - കോൺഗ്രസ് - എൻ.സി.പി സഖ്യസർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിനോടനുബന്ധിച്ച്,

ശിവസേന സ്ഥാപകൻ ബാൽതാക്കറെയും മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഒരുമിച്ചുള്ള ചിത്രങ്ങളടങ്ങിയ ആശംസാ പോസ്റ്ററുകൾ മുംബയ് നഗരത്തിലെമ്പാടും പ്രത്യക്ഷപ്പെട്ടു.

'ബാലാസാഹേബ് താക്കറെയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നു. ശിവസേനയിൽ നിന്ന് മുഖ്യമന്ത്രി' എന്നെഴുതിയ പോസ്റ്ററിൽ ബാൽ താക്കറെയും ഇന്ദിരാഗാന്ധിയും ഒരുമിച്ചുള്ള ചിത്രം ഉൾപ്പെടുത്തിയത് കോൺഗ്രസുമായുള്ള സഖ്യത്തെ ന്യായീകരിക്കാനാണ്. ഉദ്ധവിന്റെയും മകൻ ആദിത്യ താക്കറെ എം.എൽ.എയുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്.

അതേസമയം, ശിവസേനയുമായുള്ള ബന്ധത്തിന്റെ പേരിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. ശിവസേനയുടെ ഹിന്ദുവർഗീയത ഉൾപ്പെടെ ആശയപരമായ വലിയ വ്യത്യാസങ്ങൾ ഇരു കക്ഷികളും തമ്മിലുണ്ടെന്ന് കോൺഗ്രസിലെ ഒരു വിഭാഗം വാദിക്കുന്നു.

ഇതിന് മറുപടിയായി ഇരുകക്ഷികളും രാഷ്ട്രീയമായി ഒന്നിച്ച സന്ദർഭങ്ങളുണ്ടെന്ന് ശിവസേന അവകാശപ്പെടുന്നു. 1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം ഉൾപ്പെടെ ഇന്ദിരാ ഗാന്ധിയുടെ പല നടപടികളെയും ബാൽതാക്കറെ അനുകൂലിച്ചിരുന്നു.

 ഒരിക്കൽ ബാൽതാക്കറെ ഇന്ദിരാഗാന്ധിയുമായി ഫോണിൽ സംസാരിച്ചു. ശിവസേന പിറന്നു. ഇന്ന് ഉദ്ധവ് താക്കറെ സോണിയാഗാന്ധിയുമായി ഫോണിൽ സംസാരിച്ചു, പുതിയ സർക്കാർ പിറന്നു

- മുതിർന്ന ശിവസേനാ നേതാവ് പറഞ്ഞത്.