മുംബയ്: ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസ്, 10 ലക്ഷം കോടി രൂപ മൂല്യമുള്ള ആദ്യ ഇന്ത്യൻ കമ്പനിയെന്ന നേട്ടം സ്വന്തമാക്കി. ഇന്നലെ ഓഹരി വിപണിയിൽ വ്യാപാരത്തിനിടെ ഒരുവേള റിലയൻസിന്റെ ഓഹരിവില 0.74 ശതമാനം ഉയർന്ന് 1,581.25 രൂപയിൽ എത്തിയതോടെയാണ് ഈ നാഴികക്കല്ല് റിലയൻസ് പിന്നിട്ടത്.
കഴിഞ്ഞ ഒരുമാസത്തിനിടെ 10 ശതമാനവും ഒരുവർഷത്തിനിടെ 40 ശതമാനവും വളർച്ച റിലയൻസിന്റെ ഓഹരി വിലയിലുണ്ടായി. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയും ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന കമ്പനിയുമാണ് റിലയൻസ്. എണ്ണയ്ക്ക് (പെട്രോളിയം ഉത്‌പന്നങ്ങൾ) പുറമേ ടെലികോം വിഭാഗമായ ജിയോ, റിലയൻസ് റീട്ടെയിൽ എന്നിവയാണ് കമ്പനിയുടെ മുന്നേറ്റത്തിന് കരുത്താകുന്നത്.
ജൂലായ് - സെപ്‌തംബർ പാദത്തിൽ 11,262 കോടി രൂപയായിരുന്നു റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ലാഭം. ഒരു ത്രൈമാസത്തിൽ 10,000 കോടി രൂപയ്ക്കുമേൽ ലാഭം നേടുന്ന ആദ്യ കമ്പനിയാണ് റിലയൻസ് ഇൻഡസ്‌ട്രീസ്.
മാദ്ധ്യമവിഭാഗം
വില്പനയ്ക്ക്
റിലയൻസ് ഇൻഡസ്‌ട്രീസിന്റെ മാദ്ധ്യമവിഭാഗമായ നെറ്റ്‌വർക്ക് 18 മീഡിയ ആൻഡ് ഇൻവെസ്‌റ്ര്‌മെന്റ് ലിമിറ്റഡിനെ ടൈംസ് ഗ്രൂപ്പിന്റെ ഉടമസ്ഥരായ ബെന്നറ്റ് കോൾമാൻ ആൻഡ് കമ്പനിക്ക് വിറ്റഴിച്ചേക്കും. ഇതുസംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
റിലയൻസിന്റെ മുന്നേറ്റം
₹10,02,380
ഇന്നലെ റിലയൻസ് ഇൻഡസ്‌ട്രീസിന്റെ മൂല്യം. 2005ൽ ഒരുലക്ഷം കോടി രൂപയായിരുന്നു കമ്പനിയുടെ മൂല്യം.
40%
കഴിഞ്ഞ ഒരുവർഷത്തിനിടെ റിലയൻസ് ഇൻഡസ്‌ട്രീസ് ഓഹരി വിലയിലുണ്ടായ വർദ്ധന.
60,742%
കഴിഞ്ഞ മൂന്നു ദശാബ്‌ദത്തിനിടെ റിലയൻസ് ഇൻഡസ്‌ട്രീസിന്റെ മൂല്യത്തിലെ വർദ്ധന.
$14,000 കോടി
ഡോളർ നിരക്കിൽ റിലയൻസിന്റെ മൂല്യം $14,000 കോടി. പ്രമുഖ എണ്ണക്കമ്പനികളായ ടോട്ടൽ എസ്.എ ($12,796 കോടി) ബി.പി (ബ്രിട്ടീഷ് പെട്രോളിയം - $9,957 കോടി) എന്നിവയേക്കാൾ മുന്നിൽ.
പൊതുമേഖലയ്ക്കും മേലെ
റിലയൻസിന്റെ മൂല്യം 35 പൊതുമേഖലാ കമ്പനികളുടെ സംയുക്ത മൂല്യത്തിന് സമമാണ്. നിഫ്‌റ്രിയിലെ 19 കമ്പനികളുടെ മൂല്യം ചേർത്തുവയ്‌ക്കണം റിലയൻസിന് ഒപ്പമെത്താൻ.
മൂല്യത്തിൽ മുമ്പന്മാർ
1. റിലയൻസ് ഇൻഡസ്‌ട്രീസ് : ₹10 ലക്ഷം കോടി
2. ടി.സി.എസ് : ₹7.80 ലക്ഷം കോടി
3. എച്ച്.ഡി.എഫ്.സി ബാങ്ക് : ₹6.96 ലക്ഷം കോടി
4. ഹിന്ദുസ്ഥാൻ യുണിലിവർ : ₹4.49 ലക്ഷം കോടി
5. എച്ച്.ഡി.എഫ്.സി : ₹4 ലക്ഷം കോടി