കൊച്ചി: തലസ്ഥാനത്ത് വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേട്ടിനെ തടയാൻ ശ്രമിച്ച സംഭവത്തിൽ അഭിഭാഷകർക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അഭിഭാഷകരുടെ പ്രതിഷേധത്തിനെതിരെ ജഡ്ജിമാർ രംഗത്തെത്തിയിരുന്നു. മജിസ്ട്രേട്ട് ദീപാ മോഹനെ തടയാൻ ശ്രമിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ജുഡിഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ ഹൈക്കോടതിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. ഹൈക്കോടതി കേസ് നാളെ പരിഗണിക്കും.
അഭിഭാഷകർക്കെതിരെ പൊലീസും കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് അഭിഭാഷകർക്കെതിരെ കേസ് . ബാർ അസോസിയേഷൻ പ്രസിഡന്റ് , സെക്രട്ടറി, കണ്ടാലറിയാവുന്ന 10 അഭിഭാഷകർ എന്നിവരെ പ്രതിചേർത്താണ് കേസ് എടുത്തിരിക്കുന്നത്. വനിത മജിസ്ട്രേറ്റിനെ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് കേസ്. വനിത മജിസ്ട്രേറ്റ് സിജെ എമ്മിന് നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഒരു സാക്ഷിയെ ഭീഷണിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ വഞ്ചിയൂർ കോടതിയിൽ അഭിഭാഷകരും ജഡ്ജിയും തമ്മിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായത്..