helmet-hunt

കടയ്ക്കൽ (കൊല്ലം): ഇരുചക്രവാഹന യാത്രക്കാരെ ഒാടിച്ചിട്ട് പരിശോധന നടത്തരുതെന്ന് ഹെെക്കോടതിയും ‌ഡി.ജി.പിയും നൽകിയ നിർദ്ദേശങ്ങൾക്ക് പുല്ലുവില പോലും കല്പിക്കാതെ ഹെൽമറ്റ് വേട്ടയ്ക്കിടെ ബൈക്ക് യാത്രികനെ പൊലീസുകാരൻ ലാത്തിയെറിഞ്ഞു വീഴ്ത്തി. നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ഇന്നോവ കാറിലിടിച്ച് തെറിച്ചു വീണ് യുവാവിന് തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു.

ചിതറ കിഴക്കുംഭാഗം പന്തുവിള ജാൻസിയ മൻസിലിൽ സുലൈമാൻ - സുൽഫത്‌ബീവി ദമ്പതികളുടെ മകൻ സിദ്ദിഖിനാണ് (19) പരിക്കേറ്റത്. ട്രാഫിക് കുറ്റങ്ങൾക്ക് വലിയ പിഴ നിലവിൽ വന്നതോടെ കുറ്റവാളികളെ കെെകാര്യം ചെയ്യുന്നതു പോലെയാണ് വാഹന യാത്രക്കാരോട് പലപ്പോഴും പൊലീസ് പെരുമാറുന്നതെന്ന് പൊതുവെ പരാതിയുയരുന്നതിനിടെ കടയ്ക്കൽ കാഞ്ഞിരത്തുംമൂട് ജംഗ്ഷന് സമീപത്തെ വളവിൽ ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം.

കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ പാസ്പോർട്ട് വെരിഫിക്കേഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന സിദ്ദിഖിനോട് റൂറൽ കൺട്രോൾ റൂം എ.എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം കൈകാട്ടി ബൈക്ക് നിറുത്താൻ ആവശ്യപ്പെട്ടു. ഹെൽമറ്റ് ധരിക്കാതിരുന്നതിനാൽ നിറുത്താതെപോയ സിദ്ദിഖിന് നേരെ സി.പി.ഒ ചന്ദ്രമോഹൻ ലാത്തി എറിയുകയായിരുന്നു. ലാത്തി പതിച്ച് നിയന്ത്രണം തെറ്റിയ ബൈക്ക് എതിരെ വന്ന ശബരിമല തീർത്ഥാടകരുടെ ഇന്നോവ കാറിലിടിച്ചു. തെറിച്ച് വീണ് സാരമായി പരിക്കേറ്റ സിദ്ദിഖിനെ പൊലീസ് ജീപ്പിൽ കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചു. പിന്നീട് രക്ഷിതാക്കളെത്തിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സിദ്ദിഖിനെ ആശുപത്രിയിൽ ഉപേക്ഷിച്ചശേഷം പൊലീസുകാർ കടന്നുകളഞ്ഞുവെന്നും പിതാവ് പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കടയ്ക്കൽ- മടത്തറ റോഡ് ഉപരോധിച്ചു. സ്ഥലത്തെത്തിയ പുനലൂർ ഡിവൈ.എസ്.പി സുനിൽദാസ് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു നൽകിയതോടെയാണ് ജനങ്ങൾ പിരിഞ്ഞുപോയത്. ഉപരോധത്തെ തുടർന്ന് ഒന്നരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

 ലാത്തിയേറുകാരന് സസ്പെൻഷൻ

സിദ്ദിഖിനെ ലാത്തിയെറിഞ്ഞു വീഴ്ത്തിയ കടയ്ക്കൽ സ്റ്റേഷനിലെ സി.പി.ഒ ചന്ദ്രമോഹനെ റൂറൽ എസ്.പി എസ്. ഹരിശങ്കർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഡ്യൂട്ടിയിലായിരുന്ന എ.എസ്.ഐ ഷിബുലാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സിറാജ് എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തു. ഷിബുലാലിന് റൂറൽ പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റം.