തിരുവനന്തപുരം : ജെ.എൻ.യുവിലെ ഫീസ് വർദ്ധനയുടെ പശ്ചാത്തലത്തിൽ മുൻ ഡി.ജി.പി ടി.പി.സെൻകുമാർ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി കാമ്പസ് ഗര്‍ഭനിരോധന ഉറകൾ കൊണ്ടു നിറഞ്ഞിരിക്കുകയാണന്ന സെൻകുമാറിന്റെ പ്രസ്താവനയ്ക്ക് എതിരെയാണ് മുഹമ്മദ് മുഹ്സിൻ ഫേസ്ബുക്ക് പോസ്റ്റിൽ മറുപടി നൽകിയത്.
'മധ്യവയസ്സ് കഴിയുമ്പോൾ ചില വ്യക്തികളില്‍ കണ്ടുവരുന്ന അസുഖമാണ് സെൻകുമാറിനും. ഈ അസുഖത്തിന്റെ ഭാഗമായി ഐ.പി.എസുകാരൻ ചിലപ്പോള്‍ കോണ്ടം എണ്ണി എന്ന് വരും; ചിലപ്പോൾ പണ്ടു നടക്കാതെപോയ ആഗ്രഹങ്ങൾ പലരൂപത്തിലും വിളിച്ചു പറഞ്ഞെന്നിരിക്കും. എന്തായാലും ഇവനെയൊക്കെ ഏറ്റി നടന്നവർ തലയില്‍ ചാണകമാണല്ലോ കൊണ്ടുനടന്നത്...- (ഇയാൾ കോണ്ടം എണ്ണി നടക്കുന്ന സമയത്ത് ജെ.എൻ.യുവിൽ പഠിച്ചിരുന്നത് നോബല്‍ സമ്മാനം നേടിയ അഭിജിത്ത് ബാനർജി അടക്കമുള്ളവരാണ് എന്നതാണ് സത്യം!)'- മുഹ്‌സിൻ ഫേസ്ബുക്കിൽ കുറിച്ചു.
ജെ.എൻ.യുവിൽ പെൺകുട്ടികൾ ആൺകുട്ടികളുടെ ഹോസ്റ്റലിലാണ് ഉറങ്ങുന്നതെന്നും ആണുങ്ങളുടെ ഹോസ്റ്റൽ ടോയ്ലറ്റിൽ നിന്ന് പെൺകുട്ടികൾ ഇറങ്ങി വരുന്നത് താൻ കണ്ടിട്ടുണ്ടെന്നും ആയിരുന്നു സെൻകുമാറിന്റെ പ്രസംഗം.
കാംപസ് ഗർഭനിരോധന ഉറകൾ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. അത്തരം ഒരു സർവകലാശാല നമുക്ക് ആവശ്യമില്ലെന്ന് സെൻകുമാര്‍ പറഞ്ഞു. ജെ.എൻ.യു ഹോസ്റ്റൽ ഫീസുകൾ വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്ന ആവശ്യത്തോട് യോജിപ്പുണ്ടോയെന്ന, ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു സെൻകുമാർ. കേന്ദ്ര സർവകലാശാലയിൽ ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തിയ പരിപാടിക്കിടെയായിരുന്നു സെൻകുമാറിന്റെ പരാമർശം.