മുംബയ്: രാജ്യം ബി. ജെ. പിയിൽ നിന്ന് കടുത്ത ഭീഷണി നേരിട്ട അസാധാരണ സാഹചര്യത്തിലാണ് ശിവസേന, എൻ. സി. പി, കോൺഗ്രസ് കക്ഷികൾ ഒന്നിച്ചതെന്ന് ഉദ്ധവ് താക്കറെ സർക്കാരിന് ആശംസ നേർന്ന് അയച്ച കത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.
രാഷ്‌ട്രീയ അന്തരീക്ഷം വിഷലിപ്തമായി. സമ്പദ്‌വ്യവസ്ഥ തകർന്നു. കർഷകർ നിരാശയിലായി. ഈ സാഹചര്യത്തിലാണ് മൂന്ന് കക്ഷികളും ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ സഖ്യമുണ്ടാക്കിയത്. മഹാരാഷ്‌ട്രയിലെ ജനങ്ങൾ ഈ സഖ്യത്തിൽ നിന്ന് സുതാര്യവും ഉത്തരവാദിത്വവുമുള്ള ഭരണമാണ് പ്രതീക്ഷിക്കുന്നതെന്നും ആ പ്രതീക്ഷ നിറവേറ്റാൻ സഖ്യത്തിന് കഴിയുമെന്നും സോണിയ കത്തിൽ പറഞ്ഞു.
ശിവാജി പാർക്കിൽ ഉത്സവാഘോഷം
സഖ്യസർക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കാൻ കോൺഗ്രസും ശിവസേനയും എൻ. സി. പിയും നൂറുകണക്കിന് ബസുകളിലാണ് പ്രവർത്തകരെ ശിവാജി പാർക്കിൽ എത്തിച്ചത്. അരലക്ഷത്തോളം ജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു. കലാസംവിധായകൻ നിതിൻ ദേശായി ഡിസൈൻ ചെയ്‌ത വേദിയിലാണ് സത്യപ്രതിജ്ഞ നടന്നത്.
ശിവാജി പാർക്കുമായി ശിവസേനയ്‌ക്ക് വൈകാരികമായി അടുപ്പവും ഉണ്ട്. പാർട്ടി സ്ഥാപകൻ ബാൽ താക്കറെ എല്ലാ ദസറ ദിനത്തിലും ഇവിടെ പ്രവർത്തകരെ അഭിസംബോധന ചെയ്യുമായിരുന്നു. താക്കറെയുടെ മരണത്തിന് ശേഷം ഉദ്ധവും ആ പതിവ് മുടക്കിയിട്ടില്ല.ബാൽ താക്കറെയുടെ ഭൗതിക ദേഹം സംസ്‌കരിച്ചതും ശിവാജി പാർക്കിന്റെ ഒരു കോണിലാണ്. അദ്ദേഹത്തിന്റെ സ്‌മൃതികുടീരത്തിന് ശിവതീർത്ഥം എന്നാണ് പേരിട്ടിരിക്കുന്നത്. ശിവസേന പ്രവർത്തകർക്ക് ഇവിടം പുണ്യകേന്ദ്രമാണ്.
ശരദ് പവാർ വഴികാട്ടി: ശിവസേന
എൻ. സി. പി നേതാവ് ശരദ് പവാർ മഹാവികാസ് അഘാഡിയുടെയും പുതിയ സർക്കാരിന്റെയും മാർഗദർശിയാണെന്ന് ശിവസേന മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലിൽ പ്രശംസിച്ചു. അദ്ദേഹത്തെ പോലെ കരുത്തനും അനുഭവസമ്പന്നനുമായ ഒരു മാർദർശിയാണ് ഞങ്ങൾക്കൊപ്പം ഉള്ളത്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ 1947 ആഗസ്റ്റ് 15ലെ ആഹ്ലാദമാണ് ഇപ്പോൾ മഹാരാഷ്‌ട്രയിലെ ജനങ്ങൾക്ക്. ഡൽഹിയിലെ ഭരണാധികാരികൾക്കു മുന്നിൽ രാജ്യത്തെ നേതാക്കൾ മുട്ടുകുത്തി നിന്നപ്പോൾ ഉദ്ധവ് താക്കറെ അവരുടെ സമ്മർദ്ദ തന്ത്രങ്ങൾക്കു മുന്നിൽ തല കുമ്പിട്ടില്ല. തന്നോട് കള്ളം പറഞ്ഞ നേതാക്കളുമായി അഭിമാനം പണയം വച്ച് അദ്ദേഹം ഒത്തുതീർപ്പുണ്ടാക്കിയില്ല - എഡിറ്റോറിയലിൽ പറയുന്നു.