കൊൽക്കത്ത: ബംഗാളിൽ നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടത്. കാളിയഗഞ്ചും ഖരഗ്പുർ സദറും കരിംപൂരും തൃണമൂൽ കോൺഗ്രസ് തൂത്തുവാരിയപ്പോൾ ബി.ജെ.പിയുടെ പ്രതീക്ഷകൾ അസ്ഥാനത്തായി. ഇതില്‍ കരിംപുർ മാത്രമായിരുന്നു തൃണമൂലിന്റെ സിറ്റിങ് സീറ്റ്. ഖരഗ്പുർ ബി.ജെ.പിയുടേയും കാളിയഗഞ്ച് കോൺഗ്രസിന്റേയും സിറ്റിങ് സീറ്റാണ്. അതേസമയം ബി.ജെ.പിയുടെ പരാജയത്തിന്റെ കാരണങ്ങൾ നിരത്തി ബി.ജെ.പി സ്ഥാനാർഥി കമൽ ചന്ദ്ര സർക്കാർ രംഗത്തെത്തി. പ്രധാനമായും എൻ.ആർ.സിയാണ് ബി.ജെ.പിയുടെ ശക്തി ക്ഷയിപ്പിച്ചതെന്ന് കമൽ ചന്ദ്ര പറയുന്നു.
‘എൻ.ആർ.സി വിഷയത്തിൽ ആളുകൾ ഭയപ്പെട്ടിരുന്നുവെന്ന് ഇപ്പോൾ ഞങ്ങൾ തിരിച്ചറിയുന്നുണ്ട്. പ്രശ്നം ശരിയായ രീതിയിൽ അവരെ ബോധ്യപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചില്ലെന്നും ബി.ജെ.പി സ്ഥാനാർത്ഥി വ്യക്തമാക്കി. അതേസമയം ബംഗാളിലെ തൃണമൂലിന്റെ വിജയം മമതാ ബാനർജി എന്ന രാഷ്ട്രീയക്കാരിയുടെ ശക്തമായി തിരിച്ചുവരവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബി.ജെ.പിയുടെ അഹങ്കാരത്തിനേറ്റ അടിയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ഉണ്ടായെതെന്ന് മമത പ്രതികരിച്ചു.
എൻ.ആർ.സി വിഷയം സംസ്ഥാനത്ത് വ്യാപകമായി ചർച്ചയായെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. എന്നാൽ എൻ.ആർ.സിയിൽ കേന്ദ്രത്തിനെതിരെ ശക്തമായി പ്രതികരിച്ചും അനധികൃത കുടിയേറ്റക്കാർക്ക് ഭൂമി വാഗ്ദാനം ചെയ്തും മമത രംഗത്തെത്തിയിരുന്നു. ഇത് ജനങ്ങളുടെ വിജയമാണ്. ഇത് വികസനത്തിന്റെ വിജയമാണ്. ധിക്കാരത്തിന്റെ രാഷ്ട്രീയം പ്രായോഗികമാവില്ല. ജനങ്ങൾ ബി.ജെ.പിയെ പുറന്തള്ളിക്കഴിഞ്ഞു- വിജയപ്രഖ്യാപനത്തിന് ശേഷം മമത ബാനർജി പറഞ്ഞു.