മുംബയ് ∙ ശിവജി പാർക്കിൽ പതിനായിരങ്ങളെ സാക്ഷിയാക്കി ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റു.. ഉദ്ധവിനൊപ്പം മൂന്നു പാർട്ടികളിൽ നിന്നുമായി ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ഭഗത് സിംഗ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. രാത്രി 8നു മന്ത്രിസഭാ യോഗം ചേരും.
എൻ.സി.പി നേതാക്കളായ ശരദ് പവാർ, സുപ്രിയ സുലെ, പ്രഫുൽ പട്ടേൽ, കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, അശോക് ചവാൻ,ശിവസേന നേതാക്കളായ സഞ്ജയ് റാവത്ത്, വിനായക് റാവത്ത്, എം.എൻ.എസ് നേതാവ് രാജ് താക്കറെ, മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്, മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകൻ ആനന്ദ് അംബാനി, ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിൻ, ടി.ആർ.ബാലു, തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ, മകൻ ആദിത്യ താക്കറെ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നു.
ചൊവ്വാഴ്ച മഹാസഖ്യത്തിന്റെ സംയുക്തയോഗത്തിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉദ്ധവ് താക്കറെയുടെ പേര് നിർദേശിച്ചത് എൻ.സി.പി നിയമസഭാകക്ഷി നേതാവ് ജയന്ത് പാട്ടീലാണ്. കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് ബാലാസാഹെബ് തോറാട്ട് അദ്ദേഹത്തെ പിന്താങ്ങി.