trump

ഹോങ്കോംഗ് : ഹോങ്കോംഗിലെ ജനകീയ പ്രക്ഷോഭകരെ പിന്തുണയ്ക്കുന്ന ബില്ലുകളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചതിന് പിന്നാലെ അമേരിക്കയ്ക്ക് ചൈന ശക്തമായ മുന്നറിയിപ്പ് നൽകിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഉലയുന്നു

'പ്രക്ഷോഭകരെ പിന്തുണയ്ക്കുന്ന തെറ്റായ വഴിയിലൂടെ അമേരിക്ക പോയാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നാണ്' ചൈനീസ് വിദേശ മന്ത്രാലയത്തിന്റെ പ്രതികരണം.

ഹോങ്കോംഗ് പ്രക്ഷോഭകരെ അനുകൂലിച്ച് അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കിയ രണ്ട് നിയമങ്ങളിലാണ് ട്രംപ് ഇന്നലെ ഒപ്പുവച്ചത്. ഒന്നിനെതിരെ 417 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭ ‘ഹോങ്കോംഗ് ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് ഡെമോക്രസി’ എന്ന നിയമം പാസാക്കിയത്. ഹോങ്കോംഗിൽ യു.എസിന് ‘ആവശ്യമായ’ സ്വയംഭരണാവകാശം ഉണ്ടെന്ന് വർഷത്തിലൊരിക്കൽ ഉറപ്പുവരുത്താൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോടു നിർദ്ദേശിക്കുന്നതാണ് ബിൽ. മനുഷ്യാവകാശ ലംഘനങ്ങൾക്കു കാരണക്കാരാകുന്ന ചൈനീസ്, ഹോങ്കോംഗ് ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്താനും ബിൽ അനുശാസിക്കുന്നു.

ഹോങ്കോംഗ് പൊലീസ് ഉപയോഗിക്കുന്ന ചില സൈനികോപകരണങ്ങളുടെ കയറ്റുമതി നിരോധിക്കുന്നതാണ് രണ്ടാമത്തെ നിയമം.

ഹോങ്കോംഗിലെ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ജനാധിപത്യവാദികൾ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെയാണ് ചൈനയ്ക്ക് വീണ്ടും തിരിച്ചടി ലഭിച്ചത്. 452 ജില്ലാ കൗൺസിൽ സീറ്റുകളിൽ 388 എണ്ണം ജനാധിപത്യവാദികൾ പിടിച്ചെടുത്തു. ചൈന അനുകൂലികൾക്ക് 59 സീറ്റുകളേ ലഭിച്ചുള്ളൂ.

യു.എസ് തെറ്റു തിരുത്തണമെന്നും ചൈന

ഹോങ്കോംഗിലെ സംഘർഷങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അമേരിക്കയുടെ നടപടി തിരുത്തണമെന്നും ബിൽ നടപ്പാക്കരുതെന്നും യു. എസ് അംബാസഡർ ടെറി ബ്രാൻസ്റ്റഡിനെ വിളിച്ചു വരുത്തി ചൈന ആവശ്യപ്പെട്ടു.

 ചൈനയോടും പ്രസിഡന്റ് ഷി ജിൻ പിങിനോടും, ഹോങ്കോംഗ് ജനതയോടുമുള്ള ആദരവുകൊണ്ടാണ് നിയമങ്ങളിൽ ഞാൻ ഒപ്പുവച്ചത്.

ഹോങ്കോംഗിലെ പ്രക്ഷോഭകാരികളുടെ ആവശ്യം ന്യായമായതിനാലാണ് പിന്തുണയ്ക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായുള്ള സൗഹൃദം അവസാനിപ്പിക്കില്ല. ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താൻ സമ്മതിക്കില്ല.

- ഡൊണാൾഡ് ട്രംപ്