മുംബയ്: താക്കറെ കുടുംബത്തിൽ നിന്ന് ആദ്യമായി മുഖ്യമന്ത്രിയാകുന്ന ഉദ്ധവ്, ശിവസേനയുടെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ്.1995ൽ മനോഹർ ജോഷിയും 1999ൽ നാരായൺ റാണെയുമാണ് മുൻപ് ശിവസേന മുഖ്യമന്ത്രിമാരായത്. മഹാരാഷ്‌ട്രയിൽ നിയമസഭാംഗമാകാതെ മുഖ്യമന്ത്രിയാകുന്ന എട്ടാമത്തെ നേതാവുമാണ് ഉദ്ധവ് താക്കറെ.
ശിവാജി പാർക്കിലെ വിശാലമായ വേദിയിൽ മൂന്ന് കക്ഷികളുടെയും പ്രമുഖ നേതാക്കളുടെയും വി. ഐ. പികളുടെയും സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. പതിവുള്ള കാവി ജുബ്ബ ധരിച്ച ഉദ്ധവ് താക്കറെ, വേദിയിൽ വച്ചിരുന്ന സിംഹാസനസ്ഥനായ ശിവാജിയുടെ കൂറ്റൻ പ്രതിമയ്‌ക്ക് മുന്നിലും ജനസഞ്ചയത്തെ നോക്കി വേദിയിലും മുട്ടുകുത്തി നമസ്‌കരിച്ച ശേഷമാണ് പ്രതിജ്ഞ ചെയ്‌തത്. പാർക്കിൽ തടിച്ചുകൂടിയ ജനം ഹർഷാരവത്തോടെയാണ് ഉദ്ധവിന്റെ പ്രതിജ്ഞ സ്വാഗതം ചെയ്‌തത്.
വിമതനായി ബി. ജെ. പി പക്ഷത്തേക്ക് പോയി തിരികെ എത്തിയ എൻ. സി. പി നേതാവ് അജിത് പവാർ വേദിയിൽ ഉണ്ടായിരുന്നു .എൻ.സി.പി നേതാക്കളായ ശരദ് പവാർ, പ്രഫുൽ പട്ടേൽ, കോൺഗ്രസ് നേതാക്കളായ കമൽ നാഥ്, കപിൽ സിബൽ, അഹമ്മദ് പട്ടേൽ, മല്ലികാർജ്ജുൻ ഖാർഗെ, ഡി.എം.കെ. അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിൻ, മുകേഷ് അംബാനി, ഭാര്യ നിത അംബാനി തുടങ്ങി പ്രമുഖരുടെ വൻ നിര വേദിയിൽ ഉണ്ടായിരുന്നു. ബി. ജെ. പി നേതാവും മുൻമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നാവിസിന്റെ സാന്നിദ്ധ്യവും ശ്രദ്ധേയമായി.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും എത്തിയില്ല. ഉദ്ധവ് താക്കറെയ്‌ക്ക് ആശംസകൾ നേർന്ന് അയച്ച കത്തിൽ ത്രികക്ഷി സഖ്യ ഗവൺമെന്റ് മഹാരാഷ്‌ട്രയിൽ സുസ്ഥിര ഭരണം കാഴ്ചവയ്‌ക്കുമെന്ന് സോണിയ വിശ്വാസം പ്രകടിപ്പിച്ചു.
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ത്രികക്ഷി സഖ്യത്തിന്റെ പൊതുമിനിമം പരിപാടി പുറത്തിറക്കി. കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും പൊതുമിനിമം പരിപാടിയിൽ പറയുന്നു.