മുംബയ്: പ്രസവത്തിന് ശേഷം ഇന്ത്യയുടെ സൂപ്പർ താരം സാനിയ മിർസ ടെന്നീസിലേക്ക് തിരിച്ചെത്തുന്നു. അടുത്ത ജനുവരിയിൽ നടക്കുന്ന ഹൊബാർട്ട് ഇന്റർനാഷണലിൽ കളിക്കുമെന്ന് സാനിയ മിർസ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രണ്ടുവർഷമായി സാനിയ കോർട്ടിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2017 ഒക്ടോബറിൽ ചൈന ഓപ്പണിലാണ് താരം അവസാനമായി കളിച്ചത്. തുടർന്ന് ടെന്നീസിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സാനിയ അമ്മയായത്. അതിന് ശേഷം കഠിനമായ പരിശീലനത്തിനൊപ്പം ജിമ്മിലും ഏറെ സമയം ചെലവഴിച്ച് തിരിച്ചെത്താനുള്ള ശ്രമങ്ങൾ താരം നടത്തിയിരുന്നു. തന്റെ വർക്ക് ഔട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും സാനിയ മറന്നില്ല. ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കും, തന്റെ ലക്ഷ്യമായി 2020-ലെ ടോക്യോ ഒളിമ്പിക്‌സും മനസ്സിലുണ്ടെന്നും താരം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
''അമ്മയായശേഷം ശരീരത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടാവുക സ്വാഭാവികം. ദിനചര്യകളും ഉറക്കവും എല്ലാം മാറിമറിഞ്ഞു. പക്ഷേ, ഇപ്പോൾ ശാരീരികക്ഷമത വീണ്ടെടുത്തുകഴിഞ്ഞു. അമ്മയാകുന്നതിനു മുമ്പുള്ള ശാരീരികാവസ്ഥയിലേക്ക് തിരിച്ചെത്തി. ടെന്നീസ് വീണ്ടും കളിച്ചുതുടങ്ങാമെന്ന ആത്മവിശ്വാസമുണ്ട്- സാനിയ പറഞ്ഞു. 33കാരിയായ സാനിയ ഇതിനോടകം ആറ് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്.