maha

മുംബയ്: മഹാരാഷ്ട്രയിൽ കാർഷിക കടം എഴുതിത്തള്ളാനും സാധാരണക്കാർക്ക് 10 രൂപയ്ക്ക് ഭക്ഷണവും രോഗ പരിശോധനയ്‌ക്ക് താലൂക്ക് തലത്തിൽ ഒരു രൂപ ക്ളിനിക്കുകളും വിഭാവനം ചെയ്യുന്ന പൊതുമിനിമം പരിപാടി ശിവസേന - എൻ.സി.പി - കോൺഗ്രസ് സഖ്യം (മഹാ വികാസ് അഘാഡി ) പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ പ്രധാന ആവശ്യമായിരുന്ന മതനിരപേക്ഷത ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കർഷകർക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുന്നതിനൊപ്പം സർക്കാർ ജോലികളിൽ 80 ശതമാനവും മഹാരാഷ്‌ട്രക്കാർക്ക് സംവരണം ചെയ്യുമെന്നും പ്രഖ്യാപനമുണ്ട്.

ഇന്നലെ ഉദ്ധവ് താക്കറെ സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി സഖ്യം നേതാക്കൾ വാർത്താസമ്മേളനത്തിലാണ് പൊതുമിനിമം പരിപാടി പ്രഖ്യാപിച്ചത്.

മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണം കാഴ്ചവയ്ക്കുമെന്നും സ്ത്രീശാക്തീകരണത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകുമെന്നും നേതാക്കൾ പറഞ്ഞു.

പ്രധാന പ്രഖ്യാപനങ്ങൾ

വനിതകളുടെ സുരക്ഷയ്‌ക്ക് പ്രഥമ പരിഗണന
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികൾക്കു സൗജന്യ വിദ്യാഭ്യാസം
നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും വർക്കിംഗ് വിമെൻസ് ഹോസ്റ്റലുകൾ
അംഗൻവാടികളിലെ സേവികമാരുടെ പ്രതിഫലം വർദ്ധിപ്പിക്കും
വനിതാ സ്വയം സഹായ സംഘങ്ങൾ ശക്തമാക്കും

കൃഷി:

മഴക്കെടുതിയിൽ വിള നശിച്ചവർക്ക് അടിയന്തര സഹായം
കാർഷിക കടം അടിയന്തരമായി എഴുതിത്തള്ളും
കർഷകർക്ക് വിള ഇൻഷ്വറൻസ്
വിളകൾക്കു ന്യായവില
വരൾച്ചാ മേഖലയിൽ ജലസേചനവും ശുദ്ധജലവും

തൊഴിൽ:

സർക്കാർ ജോലികളിലെ ഒഴിവു നികത്തും
വിദ്യാസമ്പന്നരായ തൊഴിൽരഹിതർക്ക് ഫെലോഷിപ്
സർക്കാർ ജോലികളിൽ 80 ശതമാനം നാട്ടുകാർക്ക് സംവരണം

വിദ്യാഭ്യാസം:

വിദ്യാഭ്യാസ നിലവാരം ഉയർത്താൻ പദ്ധതികൾ
സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള കർഷകത്തൊഴിലാളികളുടെ മക്കൾക്ക് പലിശരഹിത വിദ്യാഭ്യാസ വായ്പ

നഗരവികസനം:

റോഡ് വികസനത്തിന് സമഗ്ര പദ്ധതി
ചേരികളിലെ അർഹരായവർക്ക് 500 ചതുരശ്ര അടി സൗജന്യവീട്

ആരോഗ്യം:

എല്ലാ താലൂക്കുകളിലും ഒരു രൂപ ക്ലിനിക്കുകൾ
എല്ലാ ജില്ലകളിലും സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളും മെഡിക്കൽ കോളേജുകളും
എല്ലാ പൗരൻമാർക്കും ആരോഗ്യ ഇൻഷ്വറൻസ്