google

ന്യൂഡൽഹി: സർക്കാർ പിന്തുണയുള്ള ഹാക്കർമാർ ഇന്ത്യയിലെ അഞ്ഞൂറോളം ഉപയോക്താക്കളുടെ ഇന്റർനെറ്റ് വിവരങ്ങൾ ചോർത്തിയെന്ന ഗൂഗിളിന്റെ വെളിപ്പെടുത്തൽ കേന്ദ്രസർക്കാരിനെ വെട്ടിലാക്കുന്നു.

ഗൂഗിളിന്റെ ഏറ്റവും പുതിയ ‘ത്രെട്ട് അനാലിസിസ് ഗ്രൂപ്പ് (ടി.എ.ജി )’ റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പ്.

ഇസ്രയേൽ ചാരസോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ 121പേരുടെ വാട്സാപ്പ് ചോർത്തിയെന്ന റിപ്പോർട്ട് വിവാദമായതിനു പിന്നാലെയാണു ഗൂഗിളിന്റെ ഈ വെളിപ്പെടുത്തൽ. ജൂലൈ – സെപ്റ്റംബർ മാസത്തിനിടെ സർക്കാർ പിന്തുണയുള്ള ഹാക്കർമാർ 149 രാജ്യങ്ങളിലെ 12,000 ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്നും ഇതിൽ അഞ്ഞൂറോളം പേർ ഇന്ത്യയിലാണെന്നും ടി.എ.ജി പ്രതിനിധി ഷെയ്ൻ ഹണ്ട്‌ലി പറയുന്നു.

‘സർക്കാർ പിന്തുണയുള്ള ഹാക്കർമാർ’ എന്നാണ് പറയുന്നതെങ്കിലും കൂടുതൽ വിവരങ്ങൾ ഗൂഗിൾ വെളിപ്പെടുത്തിയിട്ടില്ല.

റഷ്യയുടെ ‘സാൻഡ്‌വേം’

വിവിധ രാഷ്ട്രങ്ങളുടെ പിന്തുണയുള്ള ഒട്ടേറെ ഹാക്കിംഗ് ഗ്രൂപ്പുകളുണ്ട്. ഇവർക്ക് അതത് സർക്കാരുകൾ തന്നെ ഫണ്ടും ആധുനിക സങ്കേതങ്ങളും നൽകും. ആരെയാണു ഹാക്ക് ചെയ്യേണ്ടതെന്നു നിർദ്ദേശിക്കുന്നതും സർക്കാരാണ്. വിവിധ രാജ്യങ്ങളിൽ സൈബർ ആക്രമണത്തിന് ഹാക്കർമാരെ വളർത്തുന്നതിൽ റഷ്യ, ഉത്തരകൊറിയ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളാണു മുന്നിൽ. 'സാൻഡ്‌വേം' എന്ന റഷ്യൻ സംഘത്തിന്റെ ഹാക്കിംഗ് ശ്രമങ്ങളും ഗൂഗിൾ റിപ്പോർട്ടിലുണ്ട്. ഉക്രെയ്‌നും ദക്ഷിണ കൊറിയയ്‌ക്കും നേരെ നടന്ന ആക്രമണങ്ങളിൽ പ്ലേ സ്റ്റോർ വഴി നുഴഞ്ഞു കയറാൻ സാൻഡ്‌വേം ശ്രമിച്ചിരുന്നു. നൂറിലേറെ രാജ്യങ്ങളിലെ ഹാക്കിംഗിന്റെ ചാർട്ടും ഗൂഗിൾ പുറത്തുവിട്ടിട്ടുണ്ട്.

എന്തിനാണ് ഇന്ത്യാക്കാരെ ഹാക്ക് ചെയ്യാൻ ശ്രമിച്ചതെന്നും ശ്രമം വിജയിച്ചോയെന്നും ഗൂഗിൾ റിപ്പോർട്ടിലില്ല. ആരെയാണ് ഉന്നമിട്ടതെന്നു വ്യക്തമല്ലെങ്കിലും മാദ്ധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ എന്നിവർക്കാണു പ്രധാനമായും മുന്നറിയിപ്പെന്ന് ഗൂഗിൾ പറയുന്നു. ഹാക്കിംഗിനെ ചെറുക്കുന്ന ഗൂഗിളിന്റെ അഡ്വാൻസ്ഡ് സെക്യൂരിറ്റി സൗകര്യം ഉപയോഗപ്പെടുത്തണമെന്നും നിർദേശമുണ്ട്.