ബെംഗളൂരു: രാഷ്ട്രീയ നേതാക്കളെയും വ്യവസായികളെയും ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടുന്ന സംഘത്തിലെ എട്ടു പേരെ കർണാടക ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു.ഉത്തര കർണാടകയിലെ ഒരു എംഎൽഎയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. അറസ്റ്റു ചെയ്തവരുടെ വിവരങ്ങൾ ക്രൈംബ്രാഞ്ച് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
യുവതീകളുമായി എം.എൽ.എയുടെ ലൈംഗിക സംഭാഷണങ്ങൾ അടങ്ങിയ ടേപ് പുറത്തുവന്നിരുന്നു. അറസ്റ്റു ചെയ്തവരിൽ രണ്ടു പേർ സ്ത്രീകളാണെന്നാണ് റിപ്പോർട്ട്.. പ്രശസ്തരെ ലക്ഷ്യമിട്ട് കോടികൾ തട്ടാനായുള്ള പദ്ധതികൾ തയ്യാറാക്കുന്നതിനിടെയാണ് ഇവർ പൊലീസിന്റെ വലയിൽ കുടുങ്ങിയത്.
ബെംഗളൂരുവിനു പുറത്തുള്ള രാഷ്ട്രീയക്കാരാണു സംഘത്തിന്റെ സ്ഥിരം ഇരകൾ. ഒരു നേതാവിനെ വശീകരിച്ചു വരുതിയിലാക്കാൻ ഒരു യുവതിയെ നിയോഗിക്കും. തുടർന്ന് നേതാവ് കെണിയിൽ വീണെന്ന് ഉറപ്പായ ശേഷം അയാളുടെ വിദേശ യാത്രകളിലും മറ്റും യുവതി പങ്കാളിയാകും. പിന്നീട് ഗസ്റ്റ് ഹൗസുകളിലേക്കും നക്ഷത്ര ഹോട്ടലുകളിലേക്കും ക്ഷണിക്കും. അവിടെ സംഘത്തിലുള്ളവർ രഹസ്യക്യാമറകൾ ഘടിപ്പിച്ചിരിക്കും.
യുവതിയുമൊത്തുള്ള രഹസ്യനിമിഷങ്ങൾ ക്യാമറയിൽ പകർത്തിയ ശേഷം സംഘം ദൃശ്യങ്ങൾ നേതാവിന് അയച്ചുകൊടുത്തു പണം ആവശ്യപ്പെടും. ലക്ഷങ്ങളും കോടികളുമാകും ആവശ്യപ്പെടുക. പണം നൽകിയില്ലെങ്കിൽ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും.
25 കോടി രൂപ ആവശ്യപ്പെട്ട് ഒരു യുവതി വിളിച്ചെന്ന രാഷ്ട്രീയ നേതാവിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. നവംബർ 26 നാണ് എട്ടംഗ സംഘം പൊലീസ് പിടിയിലാകുന്നത്. തുടർന്നു ലഭിച്ച ഫോൺ സന്ദേശങ്ങൾ പിന്തുടർന്നാണ് പൊലീസ് അന്വഷണം നടത്തിയത്.
നേരത്തേ മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ പെൺകെണി വലകളുടെ വ്യക്തമായ ചിത്രം പുറത്തുവന്നിരുന്നു. മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രി, മുൻ ഗവർണർ, 8 മന്ത്രിമാർ, ഒരു ഡസനോളം ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ അശ്ലീല ദൃശ്യങ്ങൾ ചിത്രീകരിച്ചു പണം തട്ടാൻ ശ്രമിച്ചതിന്റെ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടതിനു പിന്നാലെയാണ് ബെംഗളൂരുവിലും സമാന രീതിയിലുള്ള ഓപറേഷനുകൾ നടക്കുന്നതായി കണ്ടെത്തൽ.