maharashtra-

മുംബയ് : മഹാരാഷ്ട്രയുടെ പതിനെട്ടാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ബി.ജെ.പി നേതാവ് പൂനം മഹാജൻ. ത്രികക്ഷി സഖ്യത്തിന്റെ മുച്ചക്രവണ്ടി ഏതുവരെ പോകുമെന്ന് കാണാമെന്നായിരുന്നു പൂനം മഹാജൻ അഭിപ്രായപ്പെട്ടത്. ഉദ്ധവ് താക്കറെയ്ക്ക് അഭിനന്ദനം അർപ്പിച്ച ശേഷമായിരുന്നു പൂനം മഹാജന്റെ പ്രതികരണം.

' മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഉദ്ധവിന് അഭിനന്ദനങ്ങൾ. അവരുടെ മുച്ചക്ര വണ്ടി എത്ര ദൂരം പോകുമെന്ന് നമുക്ക് നോക്കാം. ശരദ് പവാര്‍ രൂപീകരിച്ച ഈ അവിശുദ്ധ സഖ്യത്തിൽ കോൺഗ്രസിന് ഒരു പങ്കുമില്ല. അവർ ഡൽഹിയിലിരുന്ന് വെറുതെ എല്ലാം കാണുകയാണ്.- പൂനം മഹാജൻ പറഞ്ഞു.

ദാദറിലെ ശിവജി പാർക്കിലായിരുന്നു ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ. ഗവർണർ ഭഗത് സിംഗ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ശിവസേനയുടെ ഏക്‌നാഥ് ഷിൻഡേ, സുഭാഷ് ദേശായി, എൻ.സി.പിയുടെ ഛഗൻ ദുജ്ബൽ, ജയന്ത് പാട്ടീൽ എന്നിവരും അധികാരമേറ്റു. കോൺഗ്രസിൽ നിന്ന് ബാലാസാഹിബ് തൊറാട്ട്, നിതിൻ റാവത്ത് എന്നിവരും മന്ത്രിമാരായി.