തിരുവനന്തപുരം: വാഹനപരിശോധനയുടെ പേരിൽ ബൈക്ക് യാത്രക്കാരനെ എറിഞ്ഞു വീഴ്‌ത്തി ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഇത് സർക്കാരിന്റെയോ പൊലീസിന്റെയോ നയമല്ല. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ജില്ലാ പൊലീസ് മേധാവി ഉത്തരവാദിയാകുമെന്നും ഡി.ജി.പി തലസ്ഥാനത്ത് പറഞ്ഞു.
കൊല്ലം കടയ്ക്കൽ സ്വദേശിയായ സിദ്ദിക്കിനെയാണ് കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ ചന്ദ്രമോഹൻ എറിഞ്ഞുവീഴ്ത്തിയത്. തുടർന്ന് സിദ്ദിക്ക് ബൈക്കിന്റെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ചെന്ന് ഇടിക്കുകയായിരുന്നു. വാഹനപരിശോധന കണ്ട് സിദ്ദിഖ് ബൈക്ക് നിർത്താതെ പോയപ്പോഴാണ് ചന്ദ്രമോഹൻ തന്റെ കൈയിൽ ഉണ്ടായിരുന്ന ലാത്തി കൊണ്ട് സിദ്ദിഖിനെ എറിഞ്ഞുവീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെൽമെറ്റ് പരിശോധനയ്ക്കിടെയാണ് സംഭവം ഉണ്ടായത്. പൊലീസിന്റെ ഈ അതിക്രമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. സംഭവത്തിൽ പൊലീസുകാരനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.