കൊച്ചി: നിർമാതാക്കളുടെ സംഘടന സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയ നടപടി അംഗീകരിക്കില്ലെന്ന് നടൻ ഷെയ്‌ൻ നിഗം. തന്റെ ഭാഗം കേൾക്കാതെയാണ് നടപടി സ്വീകരിച്ചതെന്നും വിലക്ക് അംഗീകരിക്കില്ലെന്നും ഷെയ്‌ൻ നിഗം പറഞ്ഞു. തന്റെ ഭാഗം ആരും കേട്ടില്ല. ഔദ്യോഗികമായി ആരും വിളിക്കുകയോ കാര്യങ്ങൾ തിരക്കുകയോ ചെയ്തിട്ടില്ല. അഭിനയമല്ലാതെ മറ്റൊന്നും തനിക്കറിയില്ലെന്നും ഷെയ്‌ൻ പറഞ്ഞു. മറ്റ് വിഷയങ്ങളോടൊന്നും ഷെയ്‌ൻ പ്രതികരിച്ചില്ല.
കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് നിർമാതാക്കളുടെ സംഘടന ഷെയ്‌ൻ നിഗമിനെതിരെ നടപടി സ്വീകരിച്ച കാര്യം അറിയിച്ചത്. ‘വെയിൽ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നത്.
ഷെയ്ൻ നായകനായി അഭിനയിക്കുന്ന ‘കുർബാനി’, ‘വെയിൽ’ എന്നീ ചിത്രങ്ങൾ ഉപേക്ഷിച്ചതായും ഷെയ്ൻ കാരണം രണ്ടു ചിത്രങ്ങൾക്കും കൂടി ഏഴു കോടിയോളം രൂപ നഷ്ടം സംഭവിച്ചതായും സംഘടന വ്യക്തമാക്കി. മുടങ്ങിയ സിനിമകളുടെ നഷ്ടം നികത്തുന്നതു വരെയാണ് ഷെയ്നിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം അഭിനേതാക്കളുടെ സംഘടനയായ അമ്മയേയും അറിയിച്ചിട്ടുണ്ടെന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു. അന്യഭാഷാ ചിത്രങ്ങളിലെ സംഘടനകളോടും ഇക്കാര്യം സംസാരിക്കുമെന്ന് നിർമാതാക്കൾ വ്യക്തമാക്കി.
ഷെയ്നിന്റെ ആവശ്യങ്ങൾ എല്ലാം അംഗീകരിച്ചിട്ടും സഹകരിച്ചില്ലെന്നും സൂപ്പർസ്റ്റാറുകൾക്കു പോലുമില്ലാത്ത പെരുമാറ്റമാണ് ഷെയ്നിൽ നിന്നും ഉണ്ടായതെന്നും നിർമാതാക്കൾ പറഞ്ഞു. എൽഎസ്ഡി പോലുള്ള ലഹരി മരുന്നുകൾ ലൊക്കേഷനിൽ എത്തുന്നതായും പത്രസമ്മേളനത്തിൽ നിർമാതാക്കൾ ആരോപണമുന്നയിച്ചു.
‘വെയിൽ’ എന്ന സിനിമയുടെ സെറ്റിൽ സംവിധായകൻ മാനിസകമായി ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ച് ഷെയ്ൻ സെറ്റിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെ മുടിയും താടിയും വെട്ടിക്കളയുകയും ചെയ്തിരുന്നു.