മലയാള സിനിമയിൽ തന്നെ വിലക്കുമെന്ന തീരുമാനത്തിൽ പ്രതികരണവുമായി നടൻ ഷെയ്ൻ നിഗം. തനിക്ക് ഏർപ്പെടുത്തിയ വിലക്കിന് പിന്നിൽ ഒരു രാഷ്ട്രീയമുണ്ടെന്നും തന്നോട് വിലക്കിനെ കുറിച്ച് ഒന്നും സംസാരിച്ചില്ലെന്നും ഷെയ്ൻ ദ ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിലക്കുണ്ടാകില്ലെന്നാണ് തന്നോട് പറഞ്ഞത്. മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്ന് നിർമ്മാതാക്കൾ തന്നോട് ആവശ്യപ്പെട്ടെന്നും ഷെയ്ൻ പറഞ്ഞു.
'വെയിലി'ലും 'ഖുർബാന'യിലും താൻ അഭിനയിക്കില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. മുടി വെട്ടിയ ലുക്കിൽ തന്നെ സിനിമ ഷൂട്ട് ചെയ്യാമെന്ന് സംവിധായകൻ തന്നോട് പറഞ്ഞിട്ടുമുണ്ട്. മുടി വെട്ടിയത് തന്റെ പ്രതിഷേധമാണെന്നും താരം വ്യക്തമാക്കി. അമ്മയിലെ അംഗങ്ങൾ തന്നെ പിന്തുണക്കുമെന്നാണ് വിശ്വസിക്കുന്നത്. ‘വെയിൽ എന്ന സിനിമയ്ക്ക് വേണ്ടി അഞ്ച് ദിവസം രാത്രിയും പകലും ചിത്രീകരണത്തിൽ സഹകരിച്ചു. മാനസികമായി പീഡിപ്പിച്ച് സഹികെട്ടപ്പോഴാണ് ലൊക്കേഷനിൽ നിന്ന് പോയത്- ഷെയിൻ പറഞ്ഞു.
പുതിയ സിനിമയായ വലിയ പെരുന്നാൾ തീയേറ്റർ കാണിക്കില്ലെന്ന് വരെ അവർ ഭീഷണിപ്പെടുത്തി. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ലെന്നും ഇതിൽ ഒരു രാഷ്ട്രീയമുണ്ടെന്നും ഷെയ്ൻ പറയുന്നു. ഇന്നലെ രാത്രി വരെ നിർമാതാക്കളുടെ സംഘടനയിലെ ആന്റോ ജോസഫ്, സുബൈർ, സിയാദ് കോക്കർ എന്നിവര്‍ പറഞ്ഞത് പ്രശ്‌നം തീർക്കാം, വിലക്ക് ഉണ്ടാകില്ലെന്നാണ്. മാദ്ധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഒപ്പിട്ട് നൽകിയിരുന്നതിനാലാണ് ഇതുവരെ സംസാരിക്കാതിരുന്നത്. എനിക്ക് അറിയാവുന്ന ജോലി സിനിമയാണ് ആ ജോലി തന്നെ ചെയ്യും.- ഷെയ്ൻ പറഞ്ഞു.
