കാഞ്ഞങ്ങാട്: കുച്ചിപ്പുടി വേദിയിൽ അഭിനന്ദ് നാരായണൻ ഇന്നലെ കണ്ണീർ കാഴ്ചയായി. ഹൈസ്കൂൾ ആൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ നാലു മിനിട്ട് കളിച്ചയുടനെ അസഹ്യമായ വയറു വേദനയാൽ അഭിനന്ദ് പുളഞ്ഞു. നൃത്തം ഒട്ടും കളിക്കാനാവാതെ കർട്ടൻ താത്തോളാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. സ്റ്റേജിന്റെ വശത്ത് വേദനയാൽ ചുരുണ്ടുകൂടിയ അഭിനന്ദനെ ഉടൻ കാഞ്ഞങ്ങാട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡോക്ടർമാരുടെ പരിശോധനയിൽ മറ്റ് കുഴപ്പങ്ങളൊന്നും കണ്ടെത്തിയില്ല വയറിൽ മസിൽ പെരുത്തതാണ് കാരണമെന്ന് അഭിനന്ദിന്റെ മാതാവ് ലത പറഞ്ഞു. ഉച്ചയോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. വയറു വേദന മാറിയാൽ അവസരം നൽകാമെന്ന് സംഘാടകർ അറിയിച്ചെങ്കിലും അഭിനന്ദ് വേണ്ടെന്നു വച്ചു. മത്സരത്തിൽ ബി ഗ്രേഡും നൽകി. ഇന്ന് ഭരതനാട്യത്തിലും അഭിനന്ദ് മത്സരിക്കുന്നുണ്ട്.
നീലേശ്വരം സ്വദേശിയാണെങ്കിലും ആർച്ചറിയിൽ സ്പോർട്സ് ക്വാട്ടയിൽ പുൽപ്പള്ളി വിദ്യാ ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയാണ്.നീലേശ്വരം സുധയാണ് ഗുരു. ആദ്യമായാണ് സംസ്ഥാന കലോത്സവത്തിൽ മത്സരിക്കാനെത്തിയത്. ഇന്നലെ വീണുടഞ്ഞ സ്വപ്നം ഇന്ന് ഭരതനാട്യത്തിലൂടെ തിരികെ പിടിക്കാമെന്ന പ്രതീക്ഷയിലാണ് അഭിനന്ദ്.