കാഞ്ഞങ്ങാട്: ശബ്ദവും വെളിച്ചവും നൽകിയ സംവിധാനം ഉടക്കിയത് നാടകവേദിയുടെ കർട്ടൺ ഒന്നര മണിക്കൂറിലേറെ താഴ്ത്തി. വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ ആറാം നമ്പർ വേദിയിൽ ഹൈസ്കൂൾ വിഭാഗം നാടക മത്സരം നടക്കുന്നതിനിടെയാണ് സംഗതി അലമ്പായത്. മൂന്ന് നാടകങ്ങൾ ഒരു വിധം അവതരിപ്പിച്ചു പോയി. നാടക പ്രവർത്തകർ അപ്പോൾ തന്നെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല. നാലാമത്തെ നാടകം നടന്നുകൊണ്ടിരിക്കെ മൈക്ക് ബോക്സ് കുഴപ്പമുണ്ടാക്കി.കോളാമ്പി മൈക്കിൽ മാത്രമാണ് ശബ്ദം പുറത്തുവന്നത്. തുടർന്ന് അവതാരകരും നാടക പ്രവർത്തകരും പ്രശ്നമുണ്ടാക്കിയതോടെ രംഗം വഷളായി. ഇതോടെ നാടക മത്സരം പൂർണ്ണമായും നിറുത്തിവയ്ക്കുകയായിരുന്നു. ഒന്നര മണിക്കൂർ സമയം എടുത്ത് ശബ്ദ നിയന്ത്രണം ശരിയാക്കിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്.