കാഞ്ഞങ്ങാട്: കലോത്സവത്തിൽ പൂരക്കളിക്ക് മത്സരിക്കാനെത്തുമ്പോൾ കൂട്ടത്തിലൊരാളെ കാണാനില്ല. കൊല്ലം പാരിപ്പള്ളി അമൃത ഹൈ സ്കൂളിലെ ടീമെല്ലാം ടെൻഷനിലായി. രാവിലെ 10 മണിയോടെയാണ് സ്കൂളിലെ പഞ്ചവാദ്യസംഘത്തോടൊപ്പം പൂരക്കളി സംഘവും പടന്നക്കാട് കാർഷിക കോളേജിലെ വേദിയിലെത്തിയത്. തുടർന്ന് പട്ടുടുത്ത് ഒരുങ്ങാൻ ടീമംഗങ്ങൾ പോയതോടെയാണ് സംഘത്തിലെ അരുണിനെ കാണാതായത്. ഉടൻ തന്നെ പല വേദികളിൽ നിന്നും അറിയിപ്പ്നൽകി. പിന്നെ പൊലീസിനെയും അറിയിച്ചു. ഷെഹ്ല ഷെറീഫിന്റെ ദാരുണാന്ത്യത്തിന്റെ പശ്ചാത്തലത്തിൽ വേദിയിൽ ആശങ്ക ഉടലെടുത്തു. ഡി.ഡി.ഇ യും ഉയർന്ന ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം അന്വേഷണം പല വഴിക്ക് വ്യാപിപ്പിച്ചു. ഇതിനിടെ വൈകിട്ട് മൂന്നോടെ ഇവരുടെ മത്സരമായി. ടീമിന്റെ പ്രധാനപാട്ടുകാരനായ അരുൺ ഇല്ലാതെ 12 അംഗത്തിന് പകരം 11 പേരെ വെച്ചു കളിക്കേണ്ടി വന്നു. പിന്നെയും ആശങ്കയുടെ നിമിഷങ്ങൾ. വൈകിട്ട് നാലോടെ വായനശാലക്ക് സമീപം അരുണിനെ കണ്ടെത്തിയതോടെയാണ് എല്ലാവരും കൂളായത്. ഭക്ഷണം തേടി പോയ കുട്ടിക്ക് വഴിയറിയാതെ കുടുങ്ങിപ്പോയതാണ് പൊല്ലാപ്പായത്.