കാഞ്ഞങ്ങാട്: വാടാ മക്കളെ...കൊട്ടിപ്പൊളിക്കെടാ...അഞ്ച് വർഷം മുൻപ് ചെണ്ട കാട്ടി ഇംഗ്ളീഷ് അദ്ധ്യാപകൻ അരുണിന്റെ ഡയലോഗിൽ ഒരു നിമിഷം പിളേളർ പകച്ചു. പിന്നെ മനസാകെ മേളപ്പെരുക്കം. അന്ന് തുടങ്ങിയതാണ്. ഇന്ന് ഹയർസെക്കൻഡറി വിഭാഗം ചെണ്ടമേളത്തിൽ എ ഗ്രേഡോടെ മൂന്നാം 'കാല"വും കൊട്ടിക്കയറിപ്പോൾ എറണാകുളം നോർത്ത് പറവൂർ എസ്.എൻ.വി.സംസ്കൃത ഹയർസെക്കൻഡറി സ്കൂളിന് മേള പ്രമാണി പട്ടം!
അഭിജിത്ത് മാരാരും പവനും ഉരുട്ട് ചെണ്ടയിൽ മേളം കൊഴുപ്പിച്ചു. വലം തലയുമായി ആദിത്യനും മിഖിലും. അർജുൻ കുഴൽനാദമേകിയപ്പോൾ കൊമ്പിൽ തിളങ്ങി ആദിത്യൻ. അജിൽ ഇലത്താളവുമായി മാറ്റുകൂട്ടി.
എട്ടാം ക്ളാസിലാണ് ഏഴംഗസംഘം സ്കൂളിൽ ടീമായത്. വിദ്യാർത്ഥികളിൽ ചില മേളക്കാരാണെന്ന് അറിഞ്ഞാണ് അദ്ധ്യാപകൻ അരുൺ പിന്തുണയേകിയത്. അഭിജിത്ത് സംഘത്തെ രൂപപ്പെടുത്തി. പിതാവ് കാവിൽ പീതംബരൻ മാരാർക്ക് ദക്ഷിണനൽകി.
ചിട്ടയോടെയുള്ള പരീശീലനത്തിൽ എട്ടിലും ഒമ്പതിലും ജില്ലാ കലോത്സവം വരെയത്തി. പത്തിലെത്തുമ്പോൾ ഹൈസ്കൂൾ വിഭാഗം ചെണ്ടമേളത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം. കഴിഞ്ഞ തവണ ഹയർസെക്കൻഡറി വിഭാഗത്തിൽ എ ഗ്രേഡ്. ഇത്തവണ മാർക്കിൽ ഒന്നാം സ്ഥാനത്തോടെ എ ഗ്രേഡ്. മേള ഭാഷയിൽ പറഞ്ഞാൽ ചെണ്ടമേളത്തിൽ മൂന്നാം 'കാല"വും എസ്.എൻ.വി. തന്നെ.
16 ടീമുകൾ മത്സരിച്ചു. എസ്.എൻ.വിക്ക് പുറമേ കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്കൂൾ എന്നിവയ്ക്ക് മാത്രമാണ് എ ഗ്രേഡ് നേടാനായത്. മൂന്ന് ടീമുകൾക്ക് സി ഗ്രേഡുമുണ്ട്. ഇക്കാര്യം ഉയർത്തി ചിലർ പ്രതിഷേധവുമായും എത്തി.