കാഞ്ഞങ്ങാട്: "അന്ന് ശകുന്തളയായിട്ടാണ് അഭിനയിച്ചത്, കൊള്ളാമെന്ന് അദ്ധ്യാപകരും കൂട്ടുകാരും പറഞ്ഞതാണ് ഇത്തിരി ആശ്വാസം"- നടൻ ജയസൂര്യ പറഞ്ഞു. കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യ അതിഥിയായെത്തിയതാണ് ജയസൂര്യ. കണ്ണൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന 'വെള്ളം' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് കലാനഗരിയിലെത്തിയത്. എല്ലാ ചിരിക്കുന്ന മുഖങ്ങൾക്കും നല്ലനമസ്കാരം എന്ന് പറഞ്ഞുതുടങ്ങിയ നടൻ തന്റെ കലോത്സവ ഓർമ്മകളിലേക്ക് ഊളിയിട്ടു.
തൃപ്പൂണിത്തുറ സംസ്കൃത ഹൈസ്കൂളിൽ ഒൻപതാം ക്ളാസിൽ പഠിക്കുമ്പോഴാണ് കലോത്സവത്തിൽ പങ്കെടുത്തത്. അന്ന് സ്കൂളിൽ നിന്നുമുള്ള സംസ്കൃത നാടകത്തിലായിരുന്നു വേഷം. ക്ളാസിലെ ഗജകേസരിക്ക് ലഭിച്ചത് സ്ത്രീവേഷമാണ്. ശകുന്തളയായി ഒരുങ്ങി തട്ടേക്കേറി. സംസ്ഥാന സ്കൂൾ കലോത്സവത്തിന് രണ്ടാം സ്ഥാനവും നാടകത്തിന് ലഭിച്ചിരുന്നതായി ജയസൂര്യ ഓർക്കുന്നു. മറ്റ് പലരുടെയും ഡയലോഗുകൾ ഇപ്പോഴും കാണാപ്പാഠമാണ്. എന്നാൽ താൻ അന്നുപറഞ്ഞതൊക്കെ മറന്നു. അന്ന് തുടങ്ങിയ അഭിനയം തനിക്ക് ജീവിതത്തിൽ മുതൽക്കൂട്ടായി മാറിയെന്നും ജയസൂര്യ കേരള കൗമുദിയോട് പറഞ്ഞു.