തുടക്കം ബഹുകേമം എന്നല്ലാണ്ട് എന്താ ഇപ്പോ പറയുക! നൃത്ത വേദികളിലെക്കെ ജനം വന്നിങ്ങ് നിറയുകയല്ലയോ. അല്ലേലും ഇത്രമേൽ കാലാമേളയെ സ്നേഹിക്കുന്ന വേറൊരു നാട്ടുകാരില്ലല്ലോ. സംഗതി പൊടിപൊടിച്ചു! എന്നു പറഞ്ഞാൽ രണ്ടുണ്ട് കേട്ടോ മീനിംഗ്. പൊടി അതിനൊരു കുറവുമില്ല. ഫയർ ഫോഴ്സിന്റെ തുള്ളി തളിപ്പൊന്നും എൽക്കുന്നേയില്ല.
പിന്നെ കലാമേള ഇവിടെ കാഞ്ഞങ്ങാടാണെന്നു പറഞ്ഞാൽ ചാക്യാരെന്നല്ല ഇന്നാട്ടുകാരും സമ്മതിക്കില്ല.യമണ്ടൻ വേദികൾ രണ്ടെണ്ണം നീലേശ്വരത്താണ്. നീലേശ്വരത്തെ രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെ മിമിക്രിയും മോണോ ആക്ടിലുമൊക്കെ മത്സരിക്കുന്ന കിടാങ്ങൾ എങ്ങനെ കാഞ്ഞങ്ങാടുള്ള ഒന്നാം വേദിയിലെ ഭരതനാട്യത്തിൽ മത്സരിക്കാനെത്തും. സംഘാടകർ ഹെലികോപപ്ടറെങ്ങാനും പറപ്പിക്കുമോ ആവോ? റോഡിലൂടെ പറ്റില്ല പാച്ചിൽ. അമ്മാതിരി ബ്ളോക്കാണ്.
ചാക്യാന്മാരെ കാണാനായി ഇന്നലെ രാഷ്ട്ര കവി ഗോവിന്ദപൈയുടെ പേര് നൽകിയ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിലെത്തി. അപ്പോഴാ ശരിക്കും കലി വന്നത്. ചാക്യാർ കൂത്ത് അവതരിപ്പിക്കുന്ന ഹാളിനുള്ളിൽ കയറിയപ്പോൾ ഇത് നിശബ്ദാവതരണമെന്നാണ് കരുതിയത്. ശബ്ദം കേൾക്കുന്നില്ല.മാർക്കിടാനിരിക്കുന്നവരുടെ അടുത്തേക്ക് പോയപ്പോൾ കേൾക്കാം. അവർക്കു കേൾക്കാൻ വേണ്ടി മാത്രം രണ്ട് സ്പീക്കറ് പെട്ടി വച്ചിട്ടുണ്ട്. എന്ത്? ഇന്നാട്ടിൽ കൂത്തിന് ആസ്വാദരില്ലെന്നുണ്ടോ? കൂത്ത് കാണാനെത്തിയവർ അത് സ്വപ്നത്തിലാണോ കാണുന്നതെന്നു തോന്നി. മിഴികൾ പൂട്ടിയിരിക്കുന്നു. ഇടയ്ക്ക് മിഴാവ് അടിക്കുമ്പോഴാണ് ഇവരൊക്കെ മിഴിയിണകളുടെ ലോക്ക് അഴിക്കുന്നത്.