ettappan-mahesh

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കെ.എസ്.യു യൂണിറ്റ് ജോയിന്റ് സെക്രട്ടറി നിതിൻ രാജിന്റെ കൈ ചവിട്ടി ഒടിച്ചത് കൊടുംക്രിമിനൽ 'ഏട്ടപ്പൻ മഹേഷ്'. എസ്.എഫ്.ഐ പ്രവർത്തകനായ ഇയാളുടെ നേതൃത്വത്തിലാണ് നിതിൻ രാജിനെ ക്രൂരമായി മർദിച്ചത്. ആക്രമണത്തിന് മുമ്പ് മഹേഷ് നിതിനെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കെ.എസ്.യു പ്രവർത്തകനായി നിന്നെ വാഴിക്കില്ലെന്നും എസ്.എഫ്‌.ഐക്കാരനാക്കുമെന്നും ഇയാൾ നിതിൻ രാജിനെ ഭീഷണിപ്പെടുത്തുന്നുണ്ട്. 10 മിനിറ്റോളമുള്ള വീഡിയോയിൽ നിരന്തരമായി മഹേഷ് നിതിൻ രാജിനെ വകവരുത്തുമെന്ന തരത്തിലാണ് ഭീഷണിമുഴക്കുന്നത്.കേട്ടാലറയ്ക്കുന്ന അസഭ്യവർഷവും. സിഗരറ്റ് വലിക്കാൻ തീപ്പെട്ടികൊണ്ടുവരാൻ ആജ്ഞാപിക്കുന്നതും ദേഹോപദ്രവം ഏൽപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തം. നിതിന്റെ ഒപ്പം താമസിക്കുന്ന സുദേവിനെയും മഹേഷ് വെറുതെ വിട്ടില്ല. സാരമായി പരിക്കേറ്റ നിതിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഹോസ്റ്റലിലെ നിതിന്റെ മുറിയിൽ മറ്രുചിലർക്കൊപ്പം കത്തിയുമായി എത്തിയ മഹേഷ് ഇയാളെ ഭീഷണിപ്പെടുത്തുകയും കത്തിയുടെ പിടികൊണ്ട് പുറത്തും നെഞ്ചത്തും ഇടിച്ചശേഷം കൈ ചവിട്ടി ഒടിക്കുകയുമായിരുന്നു. നിതിന്റെ പരാതിയിൽ ഏട്ടപ്പൻ മഹേഷിനെതിരെ പൊലീസ് കേസെടുത്തു.വർഷങ്ങളായി ഹോസ്‌റ്റലിൽ താമസിക്കുന്ന മഹേഷിന് ക്രിമിനൽ പശ്ചാത്തലമുള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മഹേഷ് എസ്.എഫ്.ഐ പ്രവർത്തകനല്ലെന്നാണ് എസ്.എഫ്.ഐയുടെ വിശദീകരണം.

കത്തിക്കുത്ത് കേസിലെ പ്രതികളായ നസീമിനെയും ശിവരഞ്ജിത്തിനേയും നിയന്ത്രിച്ചിരുന്നത് ഏട്ടപ്പനാണെന്ന ആക്ഷേപം നേരത്തെതന്നെ ഉയർന്നിരുന്നു. പഠനം കഴിഞ്ഞവർ ഹോസ്റ്റലിൽ താമസിച്ച് വിദ്യാർത്ഥികളെ ഭീക്ഷണിപ്പെടുത്തുന്നതായും പണം പിരിക്കുന്നതായും പരാതികളുയർന്നിട്ടും കോളജ് അധികൃതർ ചെറുവിരലനക്കിയിട്ടില്ല.

അതേസമയം,ആക്രമണത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായും വിശദമായ അന്വേഷണം ആവശ്യമാണെന്നും കെ.എസ്.യു. ആവശ്യപ്പെട്ടിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജിൽ കത്തിക്കുത്ത് സംഭവത്തിനു പിന്നാലെ കെ.എസ്.യു. ഉൾപ്പെടെയുള്ള സംഘടനകൾ യൂണിറ്റ് ആരംഭിച്ചിരുന്നു. ഇതാണ് ആക്രമണത്തിനു കാരണമെന്ന് കെ.എസ്.യു. ആരോപിച്ചു.