സിനിമ മേഖലയിൽ പുതിയ തലമുറയിൽപ്പെട്ടവരിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നെന്ന നിർമ്മാതാക്കളുടെ ആരോപണം ശരിവെച്ച് അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജ്. ആൺകുട്ടികൾ മാത്രമല്ല നടിമാരിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം ഒരു പ്രമുഖ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. പൊലീസ് ഒന്ന് പരിശോധിച്ച് കഴിഞ്ഞാൽ പലരും അകത്തുപോകുമെന്നും ബാബുരാജ് വ്യക്തമാക്കി.
'ലഹരി ഉപയോഗിക്കാത്തവർ ഒന്നിനും കൊള്ളില്ലെന്നാണ് പല വ്യക്തികളുടെയും നിലപാട്. ഇത്തരക്കാരെ പുറത്താക്കുമെന്ന ചട്ടം കൊണ്ടുവന്നതും ഇക്കാരണത്താലാണ്. ലഹരി ഉപയോഗിക്കുന്നവരുടെ മാത്രം സിനിമ സംഘങ്ങളുണ്ട്'- അദ്ദേഹം പറഞ്ഞു.
ഷെയ്ൻ നിഗത്തിന്റെ പ്രശ്നത്തിൽ അമ്മ സംഘടന ഇടപെടുന്നതിനെക്കുറിച്ചു ബാബുരാജ് പ്രതികരിച്ചു. 'പ്രശ്നങ്ങളുണ്ടായപ്പോൾ മാത്രമാണ് ഷെയ്ൻ അമ്മയിൽ അംഗമായത്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരിൽ പലർക്കും സംഘടനയിൽ അംഗങ്ങളാകാൻ താൽപര്യമില്ല. ഷെയിനിന്റെ വീഡിയോ കണ്ടാൽ പലർക്കും അത് മനസിലാകും. അതിനാൽ ആ വിഷയത്തിൽ ഇടപെടാൻ അമ്മയ്ക്ക് പരിമിതികളുണ്ട്'- നടൻ പറഞ്ഞു.
വെയിൽ, കുർബാനി എന്നീ സിനിമകളുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെത്തുടർന്ന് നടൻ ഷെയ്ൻ നിഗത്തിന് നിർമ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കഴിഞ്ഞ ദിവസം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഷെയ്ൻ അഭിനയിക്കുന്ന ഈ ചിത്രങ്ങൾ ഉപേക്ഷിക്കാനും നിർമ്മാതാക്കൾ തീരുമാനിച്ചു. ഈ സിനിമകളുടെ നഷ്ടമായ ഏഴു കോടി രൂപ നൽകാതെ ഇനി ഷെയ്നെ സിനിമയിൽ അഭിനയിപ്പിക്കില്ല എന്നാണ് ഇന്നലെ ചേർന്ന അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം തീരുമാനിച്ചത്. വെയിൽ സിനിമയുടെ നിർമ്മാതാവുമായുണ്ടായ തർക്കം ഒത്തുതീർന്നെങ്കിലും പിന്നീട് ചിത്രീകരണത്തിന് തടസമാകുംവിധം ഷെയ്ൻ തലമുടി വടിച്ചുകളഞ്ഞതാണ് പെട്ടെന്നുള്ള നടപടികൾക്ക് കാരണമായത്.