ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ പ്രതികള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കൈമാറണം എന്നാവശ്യപ്പെട്ട് കേസിലെ പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. അതേസമയം, ദൃശ്യങ്ങൾ കാണാൻ ദീലീപിന് കോടതി അനുമതി നൽകി. എന്നാൽ, ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് കെെമാറില്ലെന്നും കോടതി വ്യക്തമാക്കി. ദൃശ്യങ്ങൾ ദിലീപിനോ അഭിഭാഷകർക്കോ പരിശോധിക്കാം. ജസ്റ്റിസുമാരായ എ.എം ഖൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇരയുടെ സ്വകാര്യത പരിഗണിച്ചാണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി.
കേസിൽ മെമ്മറി കാർഡ് തൊണ്ടി മുതലാണെങ്കിലും അതിലെ ദൃശ്യങ്ങൾ രേഖയാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതാണ് ദൃശ്യങ്ങൾ. മെമ്മറി കാർഡ് കേസിലെ രേഖയാണെന്നും പ്രതിയെന്ന നിലയിൽ അതിന്റെ പകർപ്പ് ലഭിക്കാൻ അർഹതയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ദിലീപ് സുപ്രിം കോടതിയിൽ ഹർജി നൽകിയത്. കേസ് തന്റെ പ്രതിച്ഛായ തകർത്തുവെന്നും ദ്യശ്യം ലഭിച്ചാൽ കുറ്റാരോപണം കളവാണെന്ന് ബോധ്യപ്പെടുത്താൻ ആകുമെന്നായിരുന്നു ദിലീപിന്റെ വാദം. ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ട്. അത് തെളിയിക്കാന്‍ പകര്‍പ്പ് അത്യാവശ്യമാണ്. ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്നും ക്രിമിനല്‍ നടപടിച്ചട്ടം 207 പ്രകാരം പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്നും ദിലീപ് വാദിച്ചിരുന്നു.
അതേസമയം, തന്‍റെ സ്വകാര്യതയ്ക്കും അഭിമാനത്തിനും പരിഗണന നല്‍കി ദിലീപിന്‍റെ ആവശ്യം തള്ളണമെന്നായിരുന്നു നടിയുടെ വാദം. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തുന്നത് കുറ്റകരമാണ്. അതുപ്രകാരം ഇരയുടെ എഡന്‍റിറ്റി ഉള്‍ക്കൊള്ളുന്ന ദൃശ്യങ്ങള്‍ പ്രതിക്ക് തന്നെ നല്‍കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും നടി വാദിച്ചു.