ശ്രീലങ്കയുടെ ഭരണം രാജപക്‌സെ കുടുംബത്തിന്റെ കൈകളിലെത്തിച്ചേർന്ന ശേഷം, പ്രസിഡന്റ് ഗോതാബയ നടത്തുന്ന ആദ്യ വിദേശ സന്ദർശനത്തിനാണ് ഇന്ന് ഡൽഹിയിൽ തുടക്കമാവുന്നത്. പ്രസിഡന്റ് സ്ഥാനമേറ്റയുടൻ അദ്ദേഹത്തെ സന്ദർശിച്ച വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ ക്ഷണം സ്വീകരിച്ചുള്ളതാണ് ഈ ഇന്ത്യാ സന്ദർശനം.
പ്രധാനമന്ത്രിയായിരുന്ന റെനിൽ വിക്രമസിംഗെ, രാജിവച്ചതിനെത്തുടർന്ന് ശ്രീലങ്കയുടെ ഇടക്കാല പ്രധാനമന്ത്രിയായി അധികാരമേറ്റ ഗോതാബയയുടെ ജ്യേഷ്ഠസഹോദരനായ മഹീന്ദ രാജപക്‌സെ പ്രസിഡന്റും ഗോതാബയ പ്രതിരോധ സെക്രട്ടറിയുമായിരുന്ന കാലയളവിൽ ചൈനയോടായിരുന്നു ആഭിമുഖ്യം. അന്ന് ശ്രീലങ്കയിലെ വൻവികസന പദ്ധതികളിലെ പങ്കാളി ചൈനയായിരുന്നു. ഇന്ത്യയുടെ താത്പര്യം അവഗണിച്ചുകൊണ്ട് ചൈനയുടെ പടക്കപ്പലുകൾക്കും, മുങ്ങിക്കപ്പലിനും കൊളംബോ തുറമുഖം 2014ൽ തുറന്ന് കൊടുത്തത് വിവാദമായിരുന്നു. ഇന്ത്യയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയായ ഈ നടപടികളാണ് ഇന്ത്യാ ശ്രീലങ്കാ ബന്ധത്തിൽ വിള്ളലുണ്ടാക്കിയത്.
പ്രസിഡന്റായ ശേഷം ഗോതാബയ പ്രഖ്യാപിച്ചത് ഒരു ശാക്തികചേരിയുടെയും ഭാഗമാകാതെ ഇന്ത്യയുമായും ചൈനയുമായും നല്ല ബന്ധം സ്ഥാപിക്കുമെന്നാണ്. ഇന്ത്യ, ബന്ധുവും, ചൈന വാണിജ്യപങ്കാളിയുമാണെന്നും വിശേഷിപ്പിച്ചു. നയത്തിൽ മാറ്റം വരുത്തുമെന്ന സൂചനയാണിത് പ്രകടമാക്കുന്നത്.
മഹീന്ദ രാജപക്‌സെയുടെ ഭരണകാലത്ത് വൻകിട പദ്ധതികൾക്കായി ചൈനയിൽ നിന്നും സ്വീകരിച്ച സാമ്പത്തിക സഹായം ഇന്ന് ശ്രീലങ്കയ്ക്ക് ബാദ്ധ്യതയാവുകയാണ്. ചൈനയിൽ നിന്നും ഏകദേശം 2.5 ലക്ഷം കോടിരൂപയാണ് കടം വാങ്ങിയത്. പണം മടക്കി നൽകാനാകാത്ത സാഹചര്യത്തിലാണ് സിരിസേന സർക്കാരിന് ശ്രീലങ്കയുടെ ഹമ്പൻടോട്ട വിമാനത്താവളവും തുറമുഖവും 99 വർഷത്തേക്ക് ചൈനയ്ക്ക് പാട്ടത്തിന് നൽകേണ്ടി വന്നത്. ചൈനയെ മാത്രം ആശ്രയിച്ചുള്ള സാമ്പത്തിക വികസനം ശ്രീലങ്കയ്ക്ക് ഗുണകരമാവില്ലെന്ന് മനസിലാക്കിയതു കൊണ്ട് കൂടിയാകാം, നയസമീപനങ്ങളിൽ മാറ്റമുണ്ടാകുമെന്ന സൂചന, ഗോതാബയ നൽകിയത്.
സഹകരണം വ്യാപിപ്പിക്കും
ഇന്ത്യയുടെ സഹായം ആവശ്യമുള്ള മറ്റൊരു മേഖല തമിഴ് വംശജരുമായി ബന്ധപ്പെട്ടാണ്. ശ്രീലങ്കയിൽ 12.6 ശതമാനം തമിഴ് വംശജരാണ്. മഹീന്ദ രാജപക്‌സെ പ്രസിഡന്റും ഗോതാബയ പ്രതിരോധ സെക്രട്ടറിയുമായിരുന്ന 2009 ലായിരുന്നു പ്രഭാകരന്റെ നേതൃത്വത്തിൽ എൽ.ടി.ടി.ഇ തുടങ്ങിയ ആഭ്യന്തര കലാപം അടിച്ചമർത്തിയത്. ആഭ്യന്തരയുദ്ധത്തിന്റെ അന്തിമഘട്ടത്തിൽ 40000 ഓളം തമിഴരെയാണ് ശ്രീലങ്കയുടെ സൈനികർ കൊന്നൊടുക്കിയത്. പ്രമുഖരടക്കം നിരവധി തമിഴ് വംശജർ കാണാതായവരുടെ ലിസ്റ്റിലാണ്. പലരേയും സൈനികർ തന്നെ ക്രൂരമായി കൊലപ്പെടുത്തി. അതിന് പിന്തുണ നൽകിയത് രാജപക്‌സെ സഹോദരന്മാരായിരുന്നു. ഇക്കാര്യങ്ങളൊക്കെ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ കമ്മിഷന്റെ അന്വേഷണത്തിലാണ്.
പൊറുക്കാനാവാത്ത നൊമ്പരം പേറിനടക്കുന്ന തമിഴ്വംശജർക്ക് രാജപക്‌സെ സഹോദരന്മാരുടെ നേതൃത്വത്തിൽ നടന്ന അടിച്ചമർത്തലുകൾ മറക്കാനാവില്ല. ഇക്കാരണങ്ങളാൽ തമിഴ്വംശജർ ഒന്നടങ്കം രാജപക്‌സെ കുടുംബത്തിനെതിരായി. സിംഹള തീവ്രവാദികൾ മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരെ തിരിഞ്ഞപ്പോൾ മുസ്ലീംസമുദായത്തിലെ ഒരു വിഭാഗം ഐസിസ് പോലുള്ള തീവ്രവാദി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. ഈസ്റ്റർ ദിനത്തിൽ നടന്ന ബോംബാക്രമണങ്ങൾ ആസൂത്രണം ചെയ്തത് ഐസിസായിരുന്നു. ഈ സംഭവ പരമ്പരകൾ തമിഴ്മുസ്ലീം ജനവിഭാഗങ്ങളെ രാജപക്‌സെമാർക്കെതിരെ തിരിച്ചു. യുദ്ധാനന്തരവും തമിഴ്മുസ്ലീം ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും രാജപക്‌സെ സഹോദരന്മാർ ഒന്നും ചെയ്തില്ല. ഇക്കാരണങ്ങളാൽ തമിഴ് വംശജരും കിഴക്കൻ ശ്രീലങ്കയിലെ മുസ്ലീം ന്യൂനപക്ഷവും തിരഞ്ഞെടുപ്പിൽ ഗോതാബയുടെ എതിർ സ്ഥാനാർത്ഥിയായിരുന്ന സജിത് പ്രേമദാസയ്ക്കാണ് വോട്ടുചെയ്തത്. അവരുടെ ഹൃദയത്തിലുണ്ടായ മുറിവുണക്കാനുള്ള നടപടി ഗോതാബയ്ക്ക് ഇനി എടുക്കാതിരിക്കാനാവില്ല.
തമിഴ് വംശജരിൽ ഭൂരിപക്ഷവും ഇന്ത്യയിലെ തമിഴരുമായി സാംസ്‌കാരിക ബന്ധം പുലർത്തുന്നവരാണ്. വടക്ക് കിഴക്കൻ പ്രവിശ്യകളിൽ തിങ്ങിപ്പാർക്കുന്ന തമിഴ് മുസ്ലീം ന്യൂനപക്ഷങ്ങളെ ഉൾക്കൊണ്ടു മാത്രമേ ശ്രീലങ്കയ്ക്ക് മുന്നോട്ടു പോകാനാകൂ. ഇക്കാര്യത്തിൽ ശ്രീലങ്കയ്ക്ക് സഹായം നൽകാൻ ഇന്ത്യയ്ക്കാകും. പ്രധാനമന്ത്രി മോദിയും മന്ത്രിമാരുമായുള്ള ചർച്ചകളിൽ ഇതൊക്കെ വിഷയമാകും.
സഹകരണത്തിന്റെ മറ്റൊരു മേഖല സാമ്പത്തികമാണ്. ശ്രീലങ്കയുടെ ഏറ്റവും വലിയ വാണിജ്യപങ്കാളി ഇന്ത്യയാണ്. റെയിൽവേ, പ്രകൃതിവാതക, ഔഷധ, സിമന്റ്, ഇരുമ്പുരുക്ക്, വാഹന മേഖലകളിലൊക്കെ സഹകരണം വ്യാപിപ്പിക്കുന്നത് ഇരുരാജ്യങ്ങളുടെയും സാമ്പത്തിക മേഖലയ്ക്ക് ഊർജം നൽകും. ഇന്ത്യയിൽ നിന്നുമുള്ള വിനോദസഞ്ചാരികളാണ് ശ്രീലങ്ക സന്ദർശിക്കുന്നവരിൽ ഒന്നാംസ്ഥാനത്ത് . ഗണ്യമായ വിദേശവരുമാനമാണ് ഈ ഇനത്തിൽ ലഭിക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധം വ്യാപിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് തുടക്കം കുറിയ്ക്കാൻ ഗോതാബയുടെ സന്ദർശനം വഴിതെളിക്കും.