udhav-reshmi

മുംബയ്: ഒരുപക്ഷേ ഇന്ത്യൻ രാഷ്‌ട്രീയം അടുത്തിടെയൊന്നും കാണാത്ത ഉദ്വേഗജനകവും നാടകീയങ്ങളുമായ സംഭവങ്ങളിലൂടെയാണ് മഹാരാഷ്‌ട്ര കടന്നു പോയത്. ശിവസേന- കോൺഗ്രസ്- എൻ.സി.പി കൂട്ടുകെട്ടും, ഫഡ്‌നാവിസിന്റെ പൊടുന്നനെയുള്ള സത്യപ്രതിജ്ഞയും രാജിയും, ഒടുവിൽ സുപ്രീം കോടതി ഉത്തരവിന്റെ ചുവടുപിടിച്ച് മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രിയായി ശിവസേന തലവൻ ഉദ്ധവ് താക്കറെയുടെ സ്ഥാനാരോഹണവുമെല്ലാം ഒരു സിനിമാക്കാഥ പോലെയാണ് ജനം കണ്ടുനിന്നത്. മറാത്ത രാഷ്‌ട്രീയം പതിറ്റാണ്ടുകളോളം അടക്കി വാണിട്ടും മുഖ്യമന്ത്രി പദത്തിലെത്താൻ ശിവസേനയ്‌ക്ക് കഴിഞ്ഞിരുന്നില്ല. ആ ചീത്തപ്പേരാണ് ഉദ്ധവ് പഴങ്കഥയാക്കിയത്.

എന്നാൽ ഉദ്ധവിന്റെ ഓരോ ഉയർച്ചയ്‌ക്കു പിന്നിലും നിശബ്‌ദമായ ഒരു സ്ത്രീ സാന്നിധ്യമുണ്ട്. താക്കറെ ഭവനമായ 'മാതോശ്രീ'യിലെ ഇളയമരുമകളും ഉദ്ധവിന്റെ ഭാര്യയുമായ രശ്‌മി താക്കറെയാണത്. മരുമകളല്ല മാതോശ്രീ'യുടെ മകൾ തന്നെയാണ് രശ്‌മി, ഒപ്പം ഉദ്ധവിന്റെ വലംകൈയെന്നോ ഉപദേശിയെന്നോ എന്തു വിശേഷണം വേണമെങ്കിലും അവർക്ക് നൽകാം.

ഡോംബിവ്‌ലിയിലെ ഇടത്തരം കുടുംബത്തിലാണ് രശ്‌മി ജനിച്ചത്. തുടർന്ന് വസേകേൽക്കർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടി. പിന്നീട് 1987ലാണ് എൽ.ഐ.സിയിലെ കരാർ വ്യവസ്ഥയിലെ ജോലിക്കായി രശ്‌മി എത്തുന്നത്. അങ്ങനെയായിരുന്നു മഹാരാഷ്‌ട്ര നവനിർമ്മാൺ സേന തലവൻ രാജ് താക്കറെയുടെ സഹോദരി ജയജാവന്തിയുമായി സൗഹൃദത്തിലാകുന്നത്. ജയജാവന്തി മുഖേനെയായിരുന്നു രശ്‌മി ഉദ്ധവിനെ പരിചയപ്പെടുന്നത്. അന്ന് ഫോട്ടോഗ്രാഫറും പരസ്യ ഏജൻസി നടത്തിപ്പുകാരനുമൊക്കായാണ് ഉദ്ധവ്. 1989 ഡിസംബർ13ന് ഇരുവരും വിവാഹിതരായി.

പിന്നീടങ്ങോട്ട് ഉദ്ധവിന്റെ ഉയർച്ചയിലും താഴ്‌ചയിലും രശ്‌മി ഒപ്പമുണ്ടായിരുന്നു. രാഷ്ട്രീയത്തിലും ഉദ്ധവിന്റെ വലംകൈ തന്നെയായിരുന്നു രശ്‌മി. ശിവസേനയിലെ ഇലയനക്കങ്ങൾ പോലും സസൂക്ഷ്മം നിരീക്ഷിക്കാൻ കഴിയുന്നു എന്നതു തന്നെയാണ് രശ്‌മിയുടെ വിജയമായി അടുപ്പക്കാർ കാണുന്നത്. അതുകൊണ്ടുതന്നെയാണ് ഏതൊരു തീരുമാനമെടുക്കുന്നതിനും മുമ്പ് ഉദ്ധവ് താക്കറെ എന്ന അതികായൻ തന്റെ ഭാര്യയുടെ ഉപദേശം തേടുന്നതും.