kumaraswamy

ബംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്തുണ്ടായ ആദായ നികുതി വകുപ്പിന്റെ റെയിഡിനെതിരെ സംഘടിപ്പിച്ച പ്രതിഷേധവുമായി ബന്ധപ്പെട്ട് കർണാടക മുൻ മുഖ്യമന്ത്രിമാരായ കുമാരസ്വാമിക്കും സിദ്ധരാമയ്യക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. എ. മല്ലികാർജ്ജുൻ എന്ന വ്യക്തിയുടെ പരാതിയിൽ,​ ബംഗളൂരു സി.സി.എച്ച് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൊമേഴ്‌ഷ്യല്‍ സ്ട്രീറ്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധത്തിന് ശ്രമിച്ചു, ​അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് കുമാരസ്വാമിക്കും സിദ്ധരാമയ്യയ്ക്കുമെതിരെ ചുമത്തിയത്. സംഭവത്തിൽ ഇവരെക്കൂടാതെ മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വര,​പി.സി.സി അദ്ധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു, കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ എന്നിങ്ങനെ 23 രാഷ്ട്രീയപ്പാർട്ടി നേതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കൂടാതെ രാജ്യദ്രോഹകുറ്റങ്ങൾ നടക്കുന്നത് കണ്ടിട്ടും പ്രതികരിക്കാതിരുന്നതിന് ബംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പെടെയുള്ള ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബംഗളൂരു ആദായ നികുതി ഓഫീസിന് മുന്നിലായിരുന്നു കുമാരസ്വാമി ഉൾപ്പെടെയുള്ളവർ പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടയിൽ ആദായ നികുതി വകുപ്പ് ബി.ജെ.പിയുടെ ഏജന്റാണെന്ന തെറ്റായ ആരോപണം ഉന്നയിച്ചെന്ന് മല്ലികാർജ്ജുൻ നൽകിയ പരാതിയിൽ പറയുന്നു.