ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ, സാമ്പത്തിക വളർച്ച മന്ദഗതിയിലാണെങ്കിലും രാജ്യത്ത് മാന്ദ്യമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരമൻ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം ചില ഏജൻസികളിൽ നിന്നും തൊഴിലാളികളെ പിരിച്ചുവിടുന്നതും തുടർന്ന് തൊഴിലില്ലായ്മ രൂക്ഷമാകുകയുമാണ് ഒരുഭാഗത്ത്. കോയമ്പത്തൂർ നഗരം തന്നെയാണ് ഇതിന് ഉത്തമ ഉദാഹരണം.
കോയമ്പത്തൂരിലെ സിറ്റി കോർപറേഷനിലെ ശുചീകരണ തൊഴിലാളികള്‍ ഗ്രേഡ് വണ്‍ എന്ന തസ്തികയിലേക്കുള്ള ഒഴിവിലേക്ക് അപേക്ഷിച്ചതിലേറെയും എഞ്ചിനീയര്‍മാരും ബിരുദധാരികളും. 7000 എഞ്ചിനീയർമാരും 549 ബിരുദധാരികളുമാണ് അപേക്ഷിച്ചത്. കൂടാതെ ഡിപ്ലോമക്കാരും അപേക്ഷിച്ചിട്ടുണ്ട്. ഇതില്‍ അഭിമുഖത്തിന് എത്തിയവരില്‍ 70 ശതമാനം പേരും പ്രാഥമിക യോഗ്യതയായ എസ്.എസ്.എല്‍സി പൂര്‍ത്തീകരിച്ചവരാണ്. അതിലേറെയും എഞ്ചിനീയര്‍മാരും ബിരുദാനന്തര ബിരുദമുള്ളവരും ഡിപ്ലോമയുള്ളവരുമാണെന്ന് അധികൃതര്‍ പറയുന്നു. മൂന്നു ദിവസമായി പരീക്ഷ പാസായവരുടെ അഭിമുഖവും സർട്ടിഫിക്കറ്റുകളുടെ പരിശോധനയും തുടരുകയാണ്.
അപേക്ഷിച്ചവരില്‍ ചിലര്‍ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവരാണ്. എങ്കിലും 15,700 രൂപ ശമ്പളമുള്ള സര്‍ക്കാര്‍ ജോലിയാണ് ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിച്ചത്.10 വര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും സ്ഥിര ജോലിക്കായി അപേക്ഷിച്ചിട്ടുണ്ട്. ബിരുദമുള്ള നിരവധിപേര്‍ അവരുടെ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ജോലി ലഭിക്കാത്തതിനാല്‍ സ്വകാര്യ കമ്പനികളില്‍ 6000-7000 മാസ ശമ്പളത്തിന് ജോലി ചെയ്യുന്നുണ്ട്.
12 മണിക്കൂറിലധികം ജോലി ചെയ്തിട്ടും കാര്യമായ ശമ്പള വര്‍ദ്ധനവോ ജോലി സുരക്ഷയോ അവര്‍ക്ക് ലഭിക്കുന്നില്ല. എന്നാൽ,ശുചീകരണ തൊഴിലാളികൾക്ക് 20,000 രൂപ വരെ ശമ്പളം ലഭിക്കും. രാവിലെ മൂന്നുമണിക്കൂറും വെെകുന്നേരം മൂന്ന് മണിക്കൂറുമാണ് ജോലി സമയം. കൂടാതെ ഒഴിവു സമയങ്ങളും നൽകുന്നുണ്ട്. കോർപറേഷന്റെ പട്ടികയിൽ ഇപ്പോൾ 2000 സ്ഥിര ജോലിക്കാറും 500 കരാർ അടിസ്ഥാനത്തിലുള്ള ജോലിക്കാരുമുണ്ട്.
കോയമ്പത്തൂർ മാത്രമല്ല, ബീഹാർ പോലുള്ള സംസ്ഥാനങ്ങളിലും അഞ്ച് ലക്ഷം പേർ ഗ്രൂപ് ഡി തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ ആശ്ചര്യമുള്ള കാര്യം എന്തെന്നാൽ അപേക്ഷിച്ചവരിൽ ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ, എം.ബി.എ, എം.സി.എ എന്നിവരും അപേക്ഷിച്ചിട്ടുണ്ട് എന്നുള്ലതാണ്. ഇതുതന്നെയാണ് ആശങ്കപ്പെടുത്തുന്ന കാര്യവും. ആളുകൾ ജോലിക്ക് അപേക്ഷിച്ചാൽ സർക്കാരിന് എന്ത് ചെയ്യാൻ കഴിയുമെന്നാണ് വിഷയത്തിൽ ബീഹാർ മന്ത്രി ശ്രാവൺ കുമാർ പ്രതികരിച്ചത്. ലോകമെമ്പാടും തൊഴിൽ രംഗത്ത് വർദ്ധിച്ചുവരുന്ന മത്സരങ്ങളെ അദ്ദേഹം കുറ്റപ്പെടുത്തി.